വന്‍കിട സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കോര്‍പറേഷന്‍ പരിശോധിക്കുന്നു

Posted on: December 29, 2014 11:16 am | Last updated: December 29, 2014 at 11:16 am

കോഴിക്കോട്: നഗരത്തിലെ വന്‍കിട സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കോര്‍പറേഷന്‍ പരിശോധിക്കുന്നു. വന്‍കിട ഫഌറ്റുകള്‍, വ്യാപാര സമുച്ചയങ്ങള്‍, വന്‍കിട ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്വന്തമായി മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്നാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധിക്കുന്നത്.
കോഴിക്കോട് നഗരസഭ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്ലീന്‍ കോഴിക്കോട് ‘ശുചിത്വ നഗരം സുന്ദര നഗരം’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പരിശോധന നടത്തുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി.
നഗരസഭാ പരിധിയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വ ക്ലബ്ബ് രൂപവത്കരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശുചീകരിക്കാനും സബ് കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ നഗരത്തിലെ സ്‌കൂളുകളിലെയും പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗം ഇന്ന് ഉച്ചക്ക് 2.30ന് ടൗണ്‍ ഹാളില്‍ ചേരും. വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അധ്യക്ഷ ഉഷാദേവി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതി സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കണ്‍വീനര്‍ ടി സുജന്‍ പദ്ധതി വിശദീകരിച്ചു.