ലൈംഗികാതിക്രമങ്ങളുടെ എണ്ണം ഇരട്ടിയായി

Posted on: December 29, 2014 6:10 am | Last updated: December 29, 2014 at 9:18 am

>>സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാന വനിതാ കമ്മിഷനില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളുടെ അനുപാതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. അതേസമയം, കേരളാ പോലീസിന്റെ കണക്കുകളനുസരിച്ച് 10,690 കേസുകളാണ് ഈവര്‍ഷം സെപ്തംബര്‍വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 981 എണ്ണം ലൈംഗികാതിക്രമങ്ങളാണ്.
സംസ്ഥാന വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊത്തം കേസുകളുടെ എണ്ണം പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് കാര്യമായ വര്‍ധന ഇക്കുറിയില്ല. ഈ വര്‍ഷം ഇതുവരെ 6750 കേസുകളാണ് വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം 7242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 2306 കേസുകള്‍. കഴിഞ്ഞ വര്‍ഷം ഇത് 2480 ആയിരുന്നു. ഇക്കുറി ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോടാണ്. 95 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊല്ലം (571), പത്തനംതിട്ട (311), ആലപ്പുഴ (433), ഇടുക്കി (289), കോട്ടയം (721), എറണാകുളം (516), തൃശൂര്‍ (285), പാലക്കാട്(281), വയനാട്(121), കോഴിക്കോട് (226), കണ്ണൂര്‍ (205) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. വിവിധ ജില്ലകളിലായി 32 സ്ത്രീപീഡനങ്ങളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ, 33 ലൈംഗികാതിക്രമങ്ങളും നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിരവധി പീഡനശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ പത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് ശൈശവ വിവാഹവും ഇക്കുറി പരാതികളില്‍ ഇടം പിടിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നാല് ഡി എന്‍ എ ടെസ്റ്റുകളാണ് ഈ വര്‍ഷം നടന്നത്. സ്ത്രീധന പീഡനത്തിനും കുറവില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 141 സ്ത്രീധനപീഡനങ്ങളാണ് ഈ വര്‍ഷം പരാതിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും അധികം (58) കേസുകള്‍ തലസ്ഥാന ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും കാസര്‍കോട് ജില്ലയില്‍ നിന്ന് സ്ത്രീധന പീഡനങ്ങളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2013ല്‍ 80 സ്ത്രീധന പീഡനങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമവും പീഡനവും സ്ത്രീകള്‍ ഇപ്പോഴും നേരിടുന്നു എന്നതും കണക്കുകള്‍ പറയുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെല്ലാം ഒരുപോലെയെന്നാണ് പരാതികളില്‍ പറയുന്നത്. 96 പരാതികളാണ് ജോലി സ്ഥലത്ത് സുരക്ഷിതരല്ലെന്ന പേരില്‍ സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പകുതിയോളവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണെന്നതും ശ്രദ്ധേയമാണ്. വസ്തുതര്‍ക്കവും ഗാര്‍ഹികപീഡനവുമാണ് ഈ വര്‍ഷം സ്ത്രീകള്‍ നേരിട്ട മറ്റ് പ്രധാന വെല്ലുവിളികള്‍. 1053 കേസുകളാണ് വസ്തുതര്‍ക്കം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തത്. 375 എണ്ണം തിരുവനന്തപുരത്തു നിന്നുള്ള കേസുകളാണ്. 555 സ്ത്രീകളാണ് വീടിനുള്ളില്‍ അതിക്രമങ്ങള്‍ക്കു വിധേയരായത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച 65 കേസുകള്‍ ഇക്കുറി കമ്മീഷനു മുന്നില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 21 എണ്ണം തിരുവനന്തപുരത്തും 14 എണ്ണം കോട്ടയത്തുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിപ്പെടാന്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നുവെന്നതാണ് പരാതികളുടെ എണ്ണം കൂടുന്നതെന്നാണ് വനിതാ കമ്മീഷന്‍ അധികൃതരുടെ വിശദീകരണം. നിലവില്‍ കമ്മീഷനില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ കുറവാണ്. പോലീസ് അന്വേഷണത്തിനും മറ്റും അയച്ചിരിക്കുന്നതൊഴിച്ചാല്‍ ഭൂരിഭാഗം കേസുകളും തീര്‍പ്പായിട്ടുണ്ട്.