Connect with us

Kozhikode

വെയിലടിച്ച വിധികര്‍ത്താക്കള്‍ ഇരിപ്പിടം വിട്ടു; മത്സരം നിര്‍ത്തിവെച്ചു

Published

|

Last Updated

കുന്ദമംഗലം: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വേദികള്‍ ക്രമീകരിച്ചതിലെ അപാകത വ്യാപകമായ പരാതിക്കിടയാക്കി. ജില്ലാ കലോത്സവത്തിന്റെ ഗൗരവത്തിനനുസരിച്ച് സ്റ്റേജും പന്തലും ഒരുക്കാത്തതാണ് ആദ്യ ദിനം തന്നെ കല്ലുകടിയായത്. അഞ്ഞുറിലധികം പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ജില്ലാ മേളകളില്‍ പന്തലൊരുക്കാറുള്ളത്. എന്നാല്‍ ഇത്തവണ പ്രൗഡിയും ഭദ്രതയുമില്ലാത്ത തട്ടിക്കൂട്ടിയ തുണിപ്പന്തലാണ് ഒരുക്കിയിരിക്കുന്നത്.
നട്ടുച്ച സമയത്ത് വെയില്‍ വില്ലനായതോടെ ഇവിടെ നടന്നിരുന്ന ഹൈസ്‌കൂള്‍ വിഭാഗം കേരളനടനം അല്‍പ സമയം തടസ്സപ്പെട്ടു. വിധികര്‍ത്താക്കള്‍ക്കായി ക്രമീകരിച്ചിരുന്ന സ്ഥലത്ത് വെയില്‍ കാരണം ഇവര്‍ ഇരിക്കാന്‍ വിസമ്മതിച്ചതോടെയാണ് മത്സരം തടസ്സപ്പെട്ടത്. 20 മിനുട്ട് പ്രധാനവേദിയില്‍ മേള നിര്‍ത്തിവെച്ചു. കൂടാതെ ഏറെ ആസ്വാദകരെത്തുന്ന പ്രധാന ഇനങ്ങള്‍ നടക്കുന്ന മുഖ്യവേദിയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് ഇരുന്ന് മത്സരം കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നില്ല.
ഗ്രൗണ്ടില്‍ അടുത്തടുത്തായി രണ്ട് വേദികള്‍ സജ്ജീകരിച്ചിരുന്നതിനാലുള്ള ശബ്ദകോലാഹലവും അലോസരമുണ്ടാക്കുന്നതായി. സിന്ധു തിയേറ്ററിനടുത്തെ ആറാം വേദി സമീപത്തെ ബിവറേജ് ഷോപ്പിന്റെ സാന്നിധ്യം കാരണം അവസാനം നിമിഷം മാറ്റി. രണ്ട് കിലോമീറ്റര്‍ മാറി മാക്കൂട്ടം സ്‌കൂളിലേക്കാണ് വേദി മാറ്റിയത്.