മലേഷ്യയില്‍ വെള്ളപ്പൊക്കം രൂക്ഷം; പ്രധാനമന്ത്രി വിദേശ പര്യടനം റദ്ദാക്കി

Posted on: December 28, 2014 4:47 am | Last updated: December 27, 2014 at 11:49 pm

malesiaക്വലാലംപൂര്‍: മലേഷ്യയുടെ കിഴക്കന്‍ തീരത്ത് ദശകത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം. അഞ്ച് പേര്‍ ഇതിനകം മരിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ട്.
അതിനിടെ, പ്രധാനമന്ത്രി നജീബ് റസാഖ് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നത് കടുത്ത വിമര്‍ശത്തിനിടയാക്കി. രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ അദ്ദേഹം പര്യടനം മതിയാക്കി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത് വടക്കന്‍ കേലാന്താന്‍ പ്രവിശ്യയിലാണ്. ഇവിടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. അദ്ദേഹം യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമൊത്ത് ഗോള്‍ഫ് കളിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. പക്ഷേ, ഇത്തവണ മഴ പേമാരിയായി മാറുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായത്. ചില മേഖലകളില്‍ പട്ടണങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്. വിദ്യുച്ഛക്തി വിതരണം താറുമാറായി. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളവും ഭക്ഷണവും കിട്ടാതെ തങ്ങള്‍ വലയുകയാണെന്ന് വിനോദസഞ്ചാരികളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ മതിയായ ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.