ഭൂമിയേറ്റെടുക്കല്‍ ഭേദഗതിയും ഓര്‍ഡിനന്‍സാക്കുന്നു

Posted on: December 28, 2014 3:16 am | Last updated: December 27, 2014 at 11:17 pm

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നു. മതപരിവര്‍ത്തനം, ബി ജെ പി മന്ത്രിമാരുടെയും എം പിമാരുടെയും വര്‍ഗീയ പ്രസ്താവനകള്‍ തുടങ്ങിയ വിഷയങ്ങളെ ചൊല്ലി പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം സ്തംഭിച്ചതിനാല്‍ ഇതില്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചിരുന്നില്ല. സാമ്പത്തിക പരിഷ്‌കരണ ബില്ലുകള്‍ പാസ്സാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു സര്‍ക്കാര്‍. ഇന്‍ഷ്വറന്‍സ്, കല്‍ക്കരി ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
നിരവധി അടിസ്ഥാന സൗകര്യ, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് 13 നിയമങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. നിയമ മന്ത്രാലയം സൂക്ഷ്മ പരിശോധന നടത്തിയ കരട് ഓര്‍ഡിനന്‍സ് ലഭ്യമാക്കാന്‍ ഗ്രാമ വികസന മന്ത്രാലയത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമത്തില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം അടുത്തയാഴ്ച ലഭിക്കുമെന്നാണ് സൂചന. നേരത്തെ ഇന്‍ഷ്വറന്‍സ്, കല്‍ക്കരി ബില്ലുകള്‍ ഓര്‍ഡിനന്‍സ് ആക്കിയത് പോലെ ഭൂമിയേറ്റെടുക്കല്‍ ബില്ലും ഓര്‍ഡിനന്‍സ് ആക്കും. ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്ല്. 2008 മുതല്‍ ബില്‍ പാസാക്കാനിരിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് വഴി ഈ ബില്ലുകള്‍ കൊണ്ടുവരരുതെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ പാര്‍ലിമെന്റ് സമ്മേളനം അവസാനിച്ചതിന് തൊട്ടു പിറകേ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു സര്‍ക്കാര്‍. ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാറിന്റെ നിശ്ചദാര്‍ഢ്യത്തിന്റെ പ്രതീകമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി അവകാശപ്പെട്ടു. 2008 മുതല്‍ പാസ്സാകാതെ കിടക്കുന്ന ബില്ല് വരുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയില്‍ വന്‍ ഉണര്‍വ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിന് രാജ്യസഭയുടെ സെലക്ട് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പക്ഷേ, ബഹളം മൂലം സഭയില്‍ വെക്കാനായില്ല.
മെഡിക്കല്‍ ഉപകരണം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനവും കേന്ദ്ര മന്ത്രിസഭ എടുത്തിരുന്നു. ഇതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം വരുമെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.