സര്‍ക്കാര്‍ രൂപീകരണം: ഉപാധികളുമായി പി ഡി പി

Posted on: December 28, 2014 3:08 am | Last updated: December 27, 2014 at 11:08 pm

mehbooba-muftiശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തില്‍ തുടരവേ, ബി ജെ പിക്കു മുന്നില്‍ ഉപാധികള്‍ വെച്ച് പി ഡി പി രംഗത്തെത്തി. പി ഡി പിയുടെ സഖ്യ കക്ഷിയാകുന്ന പാര്‍ട്ടി ജമ്മു കാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് സംരക്ഷിക്കാനും സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ- അഫ്‌സ്പ) പിന്‍വലിക്കാനും തയ്യാറാകണമെന്ന് പി ഡി പി വ്യക്തമാക്കി. ബി ജെ പിയുമായി സഖ്യമാകാന്‍ തയ്യാറാണെന്ന സൂചന നല്‍കിയതിനു പിന്നാലെയാണ് പി ഡി പി നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപവത്കരണത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പി ഡി പി വക്താവ് നഈം അക്തര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തില്‍ ബി ജെ പി ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളില്‍ പി ഡി പിക്ക് വ്യക്തമായ ചില നയങ്ങളുണ്ട്. ഈ നയങ്ങളോട് സഖ്യ കക്ഷിയും യോജിക്കുന്നുവെന്ന് ഉറപ്പ് ലഭിക്കണമെന്ന് നഈം അക്തര്‍ പറഞ്ഞു. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370-ാം വകുപ്പ് സംരക്ഷിക്കുകയെന്നത് പി ഡി പിയുടെ പ്രഖ്യാപിത നിലപാടാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം റദ്ദാക്കണമെന്നതും പാര്‍ട്ടിയുടെ നിലപാടാണെന്ന് പി ഡി പി വക്താവ് വ്യക്തമാക്കി.
സഖ്യ കക്ഷിയുമായി മുഖ്യമന്ത്രി സ്ഥാനം കൈമാറ്റം നടത്താന്‍ പി ഡി പി തയ്യാറാകുമോ എന്ന ചോദ്യത്തിന് ഇതുവരെയുള്ള ചര്‍ച്ചകള്‍ അതുവരെ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. ഇക്കാര്യവും പി ഡി പി പരിശോധിക്കും.
പി ഡി പിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ തയ്യാറായി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഔദ്യോഗികമായി ഇത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്ന് നഈം പറഞ്ഞു.
ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടിലാണ് പി ഡി പിയിലെ ഒരുവിഭാഗം. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പാര്‍ട്ടി വ്യക്തമായ പങ്ക് വഹിക്കുമെന്നാണ് ബി ജെ പി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞത്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി പി ഡി പിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും ആറ് സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് സല്‍മാന്‍ നിസാമി പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്കായി പി ഡി പിയെയും ബി ജെ പിയെയും ഗവര്‍ണര്‍ എന്‍ എന്‍ വോറ ക്ഷണിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ഡി പിക്ക് 28 സീറ്റാണ് ലഭിച്ചത്. 25 സീറ്റ് നേടി ബി ജെ പി രണ്ടാമത്തെ വലിയ കക്ഷിയായിട്ടുണ്ട്. നാഷനല്‍ കോണ്‍ഫറന്‍സിന് പതിനഞ്ചും കോണ്‍ഗ്രസിന് പന്ത്രണ്ടും സീറ്റുകളാണ് ലഭിച്ചത്. 87 അംഗ നിയമസഭയില്‍ 44 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായിട്ടുള്ളത്.