Connect with us

Editorial

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Published

|

Last Updated

രണ്ട് വര്‍ഷം കൂടി ഭരണകാലാവധി ഉണ്ടെങ്കിലും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ജനുവരി എട്ടിന് മൂന്നാം തവണ ജനവിധി തേടുകയാണ്. ഭരണം കൈയാളുന്ന യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം പാര്‍ട്ടി അലയന്‍സിലെ (യു എന്‍ പി എഫ് എ) രജപക്‌സെയെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മൈത്രിപാല സിരിസേനയാണ് നേരിടുന്നത്. 225 അംഗ ദേശീയ അസംബ്ലിയില്‍ 161 അംഗങ്ങളുടെ പിന്തുണയോടെ രണ്ടാം തവണ അധികാരത്തില്‍ വന്ന രാജപക്‌സെ, ഇപ്പോള്‍ അത്ര സുരക്ഷിതനല്ല. സ്വന്തംപാര്‍ട്ടിയിലെ 5 ക്യാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമടക്കം 13പേര്‍ കൂറുമാറിയതോടെ രാജപക്‌സെയെ പിന്തുണക്കുന്നവരുടെ എണ്ണം 149 ആയി കുറഞ്ഞിട്ടുണ്ട്. പാര്‍ലിമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും അദ്ദേഹത്തിന് നഷ്ടമായി. സ്വന്തം കാലടിയിലൂടെ മണ്ണൊലിച്ച് പോകുന്നതും രജപക്‌സെ മനസ്സിലാക്കുന്നു. ശ്രീലങ്കയില്‍ “തമിഴ് ഈഴം” വേണമെന്ന ആവശ്യവുമായി പോരിനിറങ്ങിയ വേലുപ്പിള്ള പ്രഭാകരന്റെ എല്‍ ടി ടി ഇയെ(തമിഴ് ഈഴം വിമോചന പുലികള്‍) പൊരിഞ്ഞ യുദ്ധത്തിലൂടെ 2009 മെയ് മാസം അടിയറ പറയിച്ച രാജപക്‌സെ സിംഹള വികാരം ഊതിക്കത്തിച്ച് മുന്നേറുകയാണ്. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിനകത്ത് തമിഴര്‍ക്ക് മറ്റൊരു പ്രത്യേക രാഷ്ട്രമെന്ന ആവശ്യമുന്നയിച്ച് ശ്രീലങ്കന്‍ സേനയുമായി ഏറ്റുമുട്ടിയ എല്‍ ടി ടി ഇയുടെ മറവില്‍ ശ്രീലങ്കന്‍ സേന തമിഴ് വംശജരെ ഉന്‍മൂലനാശം വരുത്തുകയായിരുന്നു. ഇതിനിടയില്‍ ലങ്കന്‍സേന വ്യാപകമായി മനുഷ്യാവകാശ ലംഘനം നടത്തിയതായും യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു. ഇതെല്ലാം നിഷേധിച്ച രജപക്‌സെ, യു എന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാനും തയ്യാറായില്ല. അതിനിടയില്‍ തനിക്കുണ്ടായിരുന്ന ജനപിന്തുണ നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ രജപക്‌സെ, മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഒരാള്‍ രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടെന്ന ഭരണഘടനാ വ്യവസ്ഥപോലും മറികടന്നായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍.
കഴിഞ്ഞ ചൊവ്വാഴ്ച തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കവെ, യുദ്ധകാലത്ത് വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നുവെന്ന ആരോപണം ഭാഗികമായെങ്കിലും രജപക്‌സെ അംഗീകരിക്കുകയുണ്ടായി. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ശഠിച്ചിരുന്ന അദ്ദേഹം ; “യുദ്ധകാലത്ത്” ശ്രീലങ്കന്‍ സേന എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍, സുതാര്യമായ ആഭ്യന്തര ജുഡീഷ്യല്‍ സംവിധാനത്തിലൂടെ നീതി ലഭ്യമാക്കുമെന്ന്” ഉറപ്പ്‌നല്‍കി. അതോടൊപ്പം തന്നെ രാജ്യത്തിന് ഒരു പുതിയ ഭരണഘടനയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. പുതിയ ഭരണഘടനയില്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരാള്‍ രണ്ടില്‍ കൂടുതല്‍ തവണ മത്സരിക്കരുതെന്ന വ്യവസ്ഥ ഉണ്ടാവില്ല. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. ഈ വ്യവസ്ഥകളെല്ലാം അധികാരത്തില്‍ പിടിച്ചു തൂങ്ങാനുള്ള രജപക്‌സെയുടെ നീക്കങ്ങളാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
എല്‍ ടി ടി ഇയെ മൃഗീയമായി അടിച്ചൊതുക്കിയിട്ട് വര്‍ഷം അഞ്ച് പിന്നിട്ടിട്ടും ഇപ്പോഴും വടക്കു കിഴക്കന്‍ മേഖലയില്‍ വര്‍ധിച്ച സേനാ സാന്നിധ്യമുണ്ട്. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ എല്‍ ടി ടി ഇ തീര്‍ത്തും നിസ്സഹായരായിട്ടും ശ്രീലങ്കന്‍ സേന പൈശാചികതക്ക് ഒരു കുറവും വരുത്തിയില്ല. വേലുപ്പിള്ള പ്രഭാകരനേയും കുടുംബത്തേയും കൈകാര്യം ചെയ്ത രീതി എല്ലാ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു. പ്രഭാകരന്റെ കൗമാരക്കാരനായ മകനെ ജീവനോടെ പിടികൂടിയശേഷം ശ്രീലങ്കന്‍ സേന മൃഗീയമായി പീഡിപ്പിച്ചു. തുടര്‍ന്ന് വളരെ അടുത്ത് നിന്നും വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് യു എന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ് വംശജരെ മികച്ച സൗകര്യങ്ങളോടെ പുനരധിവസിപ്പിക്കുമെന്നും പാര്‍പ്പിടവും കുടിവെള്ളവും ചികിത്സാ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും യുദ്ധ വിജയം ആഘോഷിക്കവെ പ്രസിഡന്റ് രജപക്‌സെ ലോകരാഷ്ട്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ പുരോഗതിയൊന്നും പുനരധിവാസ രംഗത്ത് ഉണ്ടായില്ല എന്നതാണ് സത്യം. യുദ്ധം രൂക്ഷമായപ്പോള്‍ സ്വന്തമായുണ്ടായിരുന്ന വസതിയും ഭൂമിയും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന തമിഴ് വംശജര്‍ക്ക് യുദ്ധം അവസാനിച്ചപ്പോള്‍ അവയൊന്നും തിരിച്ചുകിട്ടിയില്ല. തലചായ്ക്കാന്‍ ഇടമില്ലാതേയും അത്യാവശ്യത്തിന് കുടിവെള്ളവും മതിയായ ആഹാരവുമില്ലാതെയും തമിഴ് വംശജര്‍ നരകിക്കുകയാണ്. നിത്യേനയെന്നോണം പുറത്ത് വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ പ്രസിഡന്റ് രജപക്‌സെ യുദ്ധക്കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. ഈ അവസ്ഥ ഒഴിവാക്കാന്‍ രജപക്‌സെക്ക് ഏത് മാര്‍ഗത്തിലൂടെയും അധികാരം നിലനിര്‍ത്തിയേ മതിയാകു. അതിന് ഭരണഘടന തടസ്സമാണെങ്കില്‍ അതും പൊളിച്ചെഴുതുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ജനാധിപത്യം സംരക്ഷിക്കാനോ, മനുഷ്യാവകാശ സംരക്ഷണത്തിനോ വേണ്ടിയല്ല, സ്വന്തം രക്ഷ ഉറപ്പാക്കാനും തനിക്കെതിരെ ഉയരുന്ന വിമത ശബ്ദം അടിച്ചൊതുക്കാനും മാത്രമാണ്. ശ്രീലങ്കന്‍ ജനതമാത്രമല്ല, അന്താരാഷ്ട്ര സമൂഹവും ഇത് തിരിച്ചറിയേണ്ടതുണ്ട്. മതിയായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Latest