വെറ്ററിനറി സര്‍വകലാശാല:ഹരിതട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: സി പി എം

Posted on: December 28, 2014 4:15 am | Last updated: December 27, 2014 at 10:18 pm

കല്‍പ്പറ്റ: വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപി എം ജില്ല സെക്രട്ടരിയറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആദ്യ വെറ്ററിനറി യൂനിവേഴ്‌സിറ്റിയാണ് പൂക്കോട്ട് പ്രവര്‍ത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുച്ഛമായ ജില്ലക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സമ്മാനമാണ് വെറ്ററിനറി യൂനിവേഴ്‌സിറ്റി.2010ലെ വി എസ് സര്‍കാരാണ് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചത്.കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ ജില്ലക്ക് ഏറെകുറെ ആശ്വാസം പകരുമെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ ഈ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ സ്ഥാപനം ചുരമിറക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ തുടക്കം മുതലുണ്ടായി. സ്ഥാപനത്തെ മണ്ണുത്തിയിലേക്ക് കൊണ്ട് പോകാനായിരുന്നു നീക്കം. ഏറ്റവും ഒടുവില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാനിടയാക്കിയതിന് പിന്നിലും സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്ന് സംശയമുണ്ട്. സര്‍വ്വകലാശാലയുടെ കീഴിലുള്ള വിദഗ്ധരായ എന്‍ജീനിയറിംഗ് വിങ്ങിനെ മറികടന്നാണ് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഹരിക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ബിഎസ്എന്‍എല്ലിന് കരാര്‍ നല്‍കിയത്. വിദഗ്ധ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പരിസ്ഥിതി ആഘാതം ഏല്‍പ്പിക്കാതെ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിന് പകരം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായി തടയുന്നതിന് പിന്നിലുള്ള രാഷ്ട്രീയ താല്‍പര്യം തിരിച്ചറിയണം. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാല്‍ കേവല പരിസ്ഥിതി വാദത്തിന്റെ പേരില്‍ പിന്നോക്ക ജില്ലയായ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നത് നീതിയല്ല. ജില്ലയില്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ പോലും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കുന്നിടിക്കലും നിര്‍മാണ പ്രവര്‍ത്തനവും വ്യാപകമാണ്.നിയമം കാറ്റില്‍ പറത്തി റിസോര്‍ട് മാഫിയയും ഉദ്യോഗസ്ഥ ഭൂ മാഫിയയും ചേര്‍ന്ന് ഭൂമി തരം മാറ്റിയും അനധികൃതമായി വയല്‍നികത്തിയും നടത്തുന്ന പരിസ്ഥിതി ചൂഷണം തടയാന്‍ ഒന്നും ചെയ്യാത്തവരാണ് യൂനിവേഴ്‌സിറ്റി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങാകുന്നത്.