അട്ടപ്പാടി പാക്കേജ് ത്വരിതഗതിയില്‍ നടപ്പാക്കാന്‍ തീരുമാനം

Posted on: December 28, 2014 4:09 am | Last updated: December 27, 2014 at 9:10 pm

പാലക്കാട്: അട്ടപ്പാടി പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതായി ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. ജനപ്രതിനികളെയും വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നതായും തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും നോഡല്‍ ഓഫീസര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ച 10,000 ഏക്കര്‍ ഭൂമിയില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇതില്‍ 1800 ഏക്കര്‍ ഭൂമി ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.
വനാന്തര്‍ഭാഗത്ത് ഏറെ ഉള്ളിലായി കഴിയുന്ന ആദിവാസികളെ റോഡ് ഗതാഗതം സാധ്യമായ പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ആദിവാസികളിലേക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ എത്തിക്കുന്നതിന് സഹായകമായ മുക്കാലി-ചിണ്ടക്കല്‍-തുരുത്തി റോഡ് നിര്‍മാണപ്രവൃത്തികള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.ഭൂരഹിതരമായ ആദിവാസികള്‍ക്ക് കൃഷിക്കനുയോജ്യമായ ഭൂമി കണ്ടെത്തി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാവികസന സമിതി യോഗം ആവശ്യപ്പെട്ടു. ആദിവാസി ഭൂമി കൈയേറ്റം തടയാനും അവ അളന്നുതിട്ടപ്പെടുത്താനും ആദിവാസി വനാവകാശ നിയമം കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
വനമ്പ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവരെയും അവരുടെ വിളകളെയും വന്യജീവി ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നിര്‍മിച്ച സൗരോര്‍ജ വേലി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തവര്‍ക്കുള്ള കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം പി, എംഎല്‍ എമാര്‍ എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. അട്ടപ്പാടിയില്‍ മവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തമായതിനെതുടര്‍ന്ന് ഇത് ദുര്‍ബലപ്പെടുത്തുന്നതിന് ആദിവാസികളെ ഇവരില്‍ നിന്ന് അകറ്റാനും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തപക്ഷം ഇനിയും മവോയിസ്റ്റ് അക്രമണമുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് നിര്‍ജീവാസ്ഥയിലായ അട്ടപ്പാടി പാക്കേജ് ത്വരിത ഗതിയില്‍ നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കം തുടങ്ങിയത്.