ജില്ലയില്‍ മൂന്നിടത്ത് വാഹനാപകടം: വൃദ്ധ ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്ക്

Posted on: December 28, 2014 4:09 am | Last updated: December 27, 2014 at 9:09 pm

വടക്കഞ്ചേരി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി രണ്ട് വൃദ്ധ ദമ്പതികള്‍ക്ക് പരുക്ക്. കണക്കന്‍തുരുത്തി കൊച്ചുപുരയ്ക്കല്‍വര്‍ക്കി(68), ഭാര്യ സാറമ്മ(62)എന്നിവര്‍ക്കാണ് പരുക്കേറ്റത്, ഇവരും കാറിലെ യാത്രക്കാരാണ്.
കറുവായ് ജംഗ്ഷനില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. റോഡരികില്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. കുറുവായ് മുരളിധരന്റെ കടയിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കടയുടെ ഷട്ടറും ഭിത്തിയും തകര്‍ന്നു.
കല്ലടിക്കോട്: ദേശീയപാതയില്‍ തുപ്പനാടുവച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ പാലക്കയം നിരവ് വാക്കോടില്‍ താമസിക്കുന്ന പുത്തന്‍പറമ്പില്‍ മനു (20) വിന് പരിക്കേറ്റു.
ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലടിക്കോടുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും എതിരെവന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം.
പുതുശേരി: കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ് ആര്‍ടിസി ബസ് ഇടിച്ച് 25 വയസ് പ്രായംതോന്നിക്കുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് ദേശീയപാതയില്‍ പുതുശേരി പാലത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബസിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.