എസ് എസ് എഫ് മീലാദ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Posted on: December 27, 2014 11:37 pm | Last updated: December 27, 2014 at 11:37 pm

കോഴിക്കോട്: ‘തിരുനബിയുടെ സ്‌നേഹപരിസരം’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന മീലാദ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഡിവിഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പ്രചാരണ പരിപാടികളിലൂടെ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ തിരുനബി ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
മീലാദ് സമ്മേളനങ്ങളില്‍ തിരുനബിയുടെ ജീവിതം, സന്ദേശം, ആദര്‍ശം എന്നീ മേഖലകളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് പ്രഭാഷണങ്ങളാണ് നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ പ്രഭാത മൗലിദ്, മൗലിദ് സംഗമങ്ങള്‍, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. റസൂലിന്റെ പൂക്കള്‍, പൊള്ളുന്ന മണല്‍, യസ്‌രിബ് വിളിച്ചു വരൂ, വിജയ ഗാഥ എന്നീ നബിചരിത്ര പുസ്തകങ്ങളെ ആസ്പദമാക്കി യൂനിറ്റുകളില്‍ വായനാ മത്സരവും പ്രശ്‌നോത്തരിയും സംഘടിപ്പിക്കും.