Connect with us

Wayanad

പുതുവത്സരാഘോഷം വയനാട്ടിലെ ആദിവാസി സമൂഹത്തോടൊപ്പമെന്ന് മന്ത്രി ചെന്നിത്തല

Published

|

Last Updated

കല്‍പ്പറ്റ: തന്റെ പുതുവത്സരാഘോഷം വയനാട് ജില്ലയിലെ ഗോത്ര സമൂഹത്തോടൊപ്പമായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഇതിന്റെ ഭാഗമായി ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തും. ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയും ജീവിതനിലവാരവും മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും താന്‍ മുമ്പ് നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രയോജനം വേണ്ടത്ര അളവിലും തോതിലും ഈ ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാവുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്.
ഭരണ സംവിധാനവും പൊതുസമൂഹവും ജനപ്രതിനിധികളും ഒരുപോലെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസം.
ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോടൊപ്പം വിവിധ കോളനികളിലും മറ്റിടങ്ങളിലും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുന്നതിനും നിലനില്‍ക്കുന്ന വികസനവിടവുകള്‍ മനസ്സിലാക്കി ഭാവിയില്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തന തന്ത്രങ്ങളും വികസനമാര്‍ഗ്ഗ രീതിയും സംബന്ധിച്ച് കൃത്യമായ പദ്ധതി രൂപികരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദിവാസികളുടെ നിസ്സഹായമായ ജീവിതാവസ്ഥയെ ചൂഷണം ചെയ്ത് സര്‍ഗ്ഗാത്മകശക്തിയെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ച് വിടാന്‍ നടത്തുന്ന കുത്സിതശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഭരണസംവിധാനത്തിന്റേയും പൊതുസമൂഹത്തിന്റേയും ബാധ്യതയാണ്.
പോലീസ് നിയമനടപടികള്‍ക്കപ്പുറം ഈ വിഭാഗത്തിന്റെ ജീവിത നിലവാരമുയര്‍ത്തുന്നതിനും കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സഹായകമായ സൂക്ഷ്മമായ ഇടപെടലുകളാണുണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest