വ്യാപാര സ്ഥാപനങ്ങളില്‍ ഉത്സവകാലത്ത് സംയുക്ത പരിശോധന നടത്തും

Posted on: December 27, 2014 12:35 pm | Last updated: December 27, 2014 at 12:35 pm

കല്‍പ്പറ്റ: ഉത്സവകാലത്ത് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കര്‍ശന പരിശോധന നടത്തും. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണിലെ ഹോട്ടലുകള്‍, പച്ചക്കറികടകള്‍, ബേക്കറി, പലചരക്കുകടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പഴകിയ ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ടിന് വിരുദ്ധമായി ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുക, അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുക എന്നീ ക്രമക്കേടുകള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.പി. ഡേവിഡ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ജാഫര്‍.എസ്, ശശിധരന്‍.പി, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി.ശശി, ഫുഡ്‌സേഫ്റ്റി ഓഫീസര്‍ പി.ജെ. വര്‍ഗ്ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജ്കുമാര്‍, മുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.