ചോക്കാടിന് പിറകെ കാളികാവിലും കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലയുന്നു

Posted on: December 27, 2014 12:24 pm | Last updated: December 27, 2014 at 12:24 pm

കാളികാവ്: പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളെ ചൊല്ലി ചോക്കാടില്‍ തകര്‍ന്ന കോണ്‍ഗ്രസും ലീഗും തമ്മില്‍ തകര്‍ന്ന മുന്നണി ബന്ധം കാളികാവിലും ശിഥിലമാകുന്നു. കേരകര്‍ഷക സമിതികളെ ചൊല്ലിയാണ് ചോക്കാടില്‍ ലീഗ് കോണ്‍ഗ്രസ് പോര് മറനീക്കി പുറത്ത് വന്നത്.
ലീഗിനെ അംഗീകരിക്കാത്ത പ്രസിഡന്റിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതാണ് പ്രത്യക്ഷ സമരത്തിലേക്കും തുടര്‍ന്ന് പൊട്ടിത്തെറിയിലേക്കും കലാശിച്ചത്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആരേയും അനുവദിക്കുകയില്ലെന്ന് ലീഗിനെതിരെ കോണ്‍ഗ്രസും നിലപാട് കര്‍ശനമാക്കി.
ഇതോടെയാണ് ചോക്കാട് മുന്നണി ബന്ധം തകര്‍ന്നത്. തുടര്‍ന്ന് അവിശ്വാസപ്രമേയങ്ങളും അധികാരം ലീഗിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയിലേക്കും മാറിയത്. കാളികാവില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് യൂത്ത് ലീഗ് രംഗത്ത് വന്നത് മൂസ്‌ലിം ലീഗിന്റെ അറിവോടെയാണ്. മുന്നണി ബന്ധം വിച്ഛേദിക്കാന്‍ ഉദ്ദേശമില്ലെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി വിശേഷം കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം തകരുന്നതിന്റെ തുടക്കമാണെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഞ്ചോളം വാര്‍ഡുകളില്‍ ലീഗും കോണ്‍ഗ്രസും ചേരി തിരിഞ്ഞ് മത്സരിച്ചിരുന്നു. എന്നിട്ടും 19 വാര്‍ഡില്‍ 16 വാര്‍ഡിലും യു ഡി എഫ് ആണ് വിജയിച്ചത്.
പതിനൊന്ന് സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ലീഗും മൂന്ന് സീറ്റില്‍ സി പി എം മാണ് വിജയിച്ചത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും വേറിട്ട് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് കരുതപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി കൂടുതല്‍ ശക്തിപ്പെടുമെന്ന് യു ഡി എഫിലെ ചില നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.