എം ടി തലമുറകളെ അതിജീവിക്കുന്ന സാഹിത്യകാരന്‍: എം കെ മുനീര്‍

Posted on: December 27, 2014 10:18 am | Last updated: December 27, 2014 at 10:18 am

mk-muneer3കോഴിക്കോട്: തലമുറകളെ അതിജീവിക്കുന്ന സാഹിത്യകാരനാണ് എം ടി വാസുദേവന്‍നായരെന്ന് മന്ത്രി ഡോ. എം കെ മുനീര്‍. ജ്ഞാനപീഠജേതാവ് എം ടി വാസുദേവന്‍ നായരെക്കുറിച്ച് ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തക പരമ്പരയിലെ ഏഴാമത്തെ പുസ്തകം ഷൈബിന്‍ ഷഹാന എഴുതിയ ‘എഴുത്തച്ഛനും പെരുന്തച്ചനും’ പോലീസ് ക്ലബ്ബില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജ് കാലഘട്ടം മുതല്‍ തന്റെ മനസ്സിലേക്ക് അടുപ്പിച്ചവയായിരുന്നു എം ടിയുടെ കൃതികള്‍. എം ടിയുടെ മകള്‍ സിതാരയടക്കം ഇരിക്കുന്ന ക്ലാസില്‍ അന്ന് എം ടിയുടെ കഥകളെക്കുറിച്ച് വിശകലനം കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തിരക്ക്കൂട്ടിയിരുന്നെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത തമിഴ് സാഹിത്യകാരനുമായ തൊപ്പില്‍ മുഹമ്മദ് മീരാന്‍ പുസ്തകം ഏറ്റുവാങ്ങി. തമിഴില്‍ ഏറ്റവും കൂടുതല്‍ തര്‍ജമകള്‍ എം ടിയുടെ പുസ്തകങ്ങള്‍ക്കാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ടിയും നഗരവും വിഷയത്തില്‍ കെ അജിത സംസാരിച്ചു. പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ടി വേലായുധന്‍, പ്രതാപന്‍ തായാട്ട് സംസാരിച്ചു. ഇ ആര്‍ ഉണ്ണി സ്വാഗതവും ഷൈബിന്‍ ഷഹാന നന്ദിയും രേഖപ്പെടുത്തി. നാടകകൃത്ത് സുകുമാരന്‍ വേങ്ങേരിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
എം ടി പരമ്പരയിലെ ആറാമത്തെ പുസ്തകം എ സജീവന്റെ എം ടി- നോവല്‍ പഠനം ക്രിസ്തുമസ് ദിനത്തില്‍ പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. കഥാകൃത്ത് വി ആര്‍ സുധീഷ് ഏറ്റുവാങ്ങി. ഡോ. കെ എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. ഡോ. അജിത്ബാബു, ഭാസി മലാപ്പറമ്പ്, എ സജീവന്‍ സംസാരിച്ചു. എം ടി അനുയാത്ര പരമ്പരയിലെ എട്ടാമത്തെ പുസ്തകം അരുണ്‍ പൊയ്യേരിയുടെ എം ടി കഥാപഠനങ്ങള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് എം ബി രാജേഷ് എം പി പ്രകാശനം ചെയ്യും. കൈതപ്രം ഏറ്റുവാങ്ങും. പുസ്തകോത്സവം 31ന് സമാപിക്കും.