Connect with us

Kozhikode

മദ്യനിരോധം അട്ടിമറിച്ച സര്‍ക്കാര്‍ നയത്തിനെതിരേ കെ സി ബി സി

Published

|

Last Updated

കോഴിക്കോട്: മദ്യനിരോധം അട്ടിമറിച്ച സര്‍ക്കാര്‍ നയത്തിനെതിരേ സമരപ്രഖ്യാപനവുമായി കെ സി ബി സി മദ്യനിരോധ സമിതിയുടെ നില്‍പ്പുസമരം. കെ സി ബി സിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചമുതല്‍ വൈകുന്നേരം വരെ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടിയാണ് സമരം നടന്നത്. കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ കന്യാസ്ത്രീകളും മദ്യവിരുദ്ധസമിതി പ്രവര്‍ത്തകരും പുരോഹിതന്‍മാരും സമരത്തില്‍ പങ്കെടുത്തു.
ബിയര്‍- വൈന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുക, കോഴവാങ്ങലിനെതിരേ നടപടി എടുക്കുക, സഭയെ നിരന്തരം വിമര്‍ശിക്കുന്ന മന്ത്രി കെ സി ജോസഫിനെ സര്‍ക്കാര്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയാച്ചായിരുന്നു സമരം. സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധമെന്ന തീരുമാനത്തിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കെ സി ബി സി നേതൃത്വം നല്‍കുമെന്ന് കോഴിക്കോട് രൂപത മദ്യവിരുദ്ധ സമിതി ഡയരക്ടര്‍ ഫാ. ഡാനി ജോസഫ് പറഞ്ഞു.
നില്‍പ്പുസമരത്തിന് സഭയുടേയോ കെ സി ബി സിയുടേയോ അനുമതിയില്ലെന്ന പ്രചരണം ശരിയല്ല. കോഴിക്കോട്, താമരശ്ശേരി രൂപതകളുടെ കൃത്യമായ അനുമതിയും ആശിര്‍വാദവും വാങ്ങിയാണ് ഇങ്ങനെയൊരു സമരം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള നീക്കം ഏതുഭാഗത്ത് നിന്നുണ്ടായാലും തടയുകയാണ് സഭയുടേയും സഭക്ക് കീഴിലായി പ്രവര്‍ത്തിക്കുന്ന കെ സി ബി സിയുടേയും നിലപാട്. അതില്‍ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോകാനാകില്ലെന്നും ഡാനി ജോസഫ് പറഞ്ഞു.
കെ സി ബി സി മദ്യനിരോധ സമിതി സെക്രട്ടറി ആന്റണി ജേക്കബ് ചാവറ, സിസ്റ്റര്‍ മൗറില്ല, സോഫി തോമസ് നേതൃത്വം നല്‍കി.