തുക വകമാറ്റി: പട്ടികജാതി ക്ഷേമസമിതി മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: December 27, 2014 9:50 am | Last updated: December 27, 2014 at 9:50 am

താമരശ്ശേരി: പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായ തുക വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച് പട്ടികജാതി ക്ഷേമ സമിതി പുതുപ്പാടി ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വിവാഹ ധന സഹായമായി 20 പേര്‍ക്ക് പട്ടിക ജാതി വികസന വകുപ്പ് അനുവദിച്ച തുക ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ ഭരണ സമിതി വക മാറ്റി ചെലവഴിച്ചതായാണ് ആരോപണം. ഫണ്ട് തിരിമറി നടത്തിയതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി എ കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഗിരീഷ് ജോണ്‍, ഈങ്ങാപ്പുഴ ലോക്കല്‍ സെക്രട്ടറി കെ ഇ വര്‍ഗീസ്, ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറര്‍ എം ഇ ജലീല്‍, പി പി ബിജു പ്രസംഗിച്ചു.