പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു

Posted on: December 27, 2014 12:02 am | Last updated: December 27, 2014 at 12:55 am

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ സൈനിക സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന താലിബാന്‍ കമാന്‍ഡറെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം രാത്രി ഖൈബര്‍ ഗോത്ര പ്രദേശമായ ജംറൂദ് നഗരത്തില്‍ പാക്കിസ്ഥാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇയാളുടെ പേര് സദ്ദാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലില്‍ ഇയാളോടൊപ്പമുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണെന്നും പ്രാദേശിക ഉദ്യോഗസ്ഥനായ ഷാഹബ് അലി ഷാ അറിയിച്ചു.
പെഷാവര്‍ ആക്രമണം ഉള്‍പ്പടെ നിരവധി സ്‌ഫോടനക്കേസുകളില്‍ താലിബാന്റെ ബുദ്ധികേന്ദ്രമായിരുന്നു സദ്ദാമെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. പാക് താലിബാന്‍ വിഭാഗമായ തെഹ്‌രികെ താലിബാന്‍ നടത്തിയ നിരവധി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതും സദ്ദാമായിരുന്നു. പെഷാവര്‍ സ്‌ഫോടനത്തിന് ശേഷം ഇയാള്‍ തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളായ ഗോത്ര മേഖലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഈ മാസം 16ന് പെഷാവറിലെ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പടെ 150 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. അതിനിടെ, പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെയുണ്ടായ രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്.