Connect with us

Sports

മെക്കല്ലത്തിന് മുന്നില്‍ ഒരു രക്ഷയുമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: റണ്ണടിക്കണം, എന്നു വെച്ച് റണ്ണടിച്ചൂടരുത് ! ഈ തമാശ കലര്‍ന്ന ഉപദേശം ഇപ്പോള്‍ ബ്രെന്‍ഡന്‍ മെക്കല്ലത്തോട് മാത്രമേ പറയാന്‍ സാധിക്കൂ. ന്യൂസിലാന്‍ഡ് ക്യാപ്റ്റനായ മെക്കല്ലം ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം 134 പന്തില്‍ 195 റണ്‍സടിച്ചാണ് മടങ്ങിയത്. ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് 429 എന്ന കൂറ്റന്‍ സ്‌കോറാണ് ഒന്നാം ദിനം നേടിയത്. മാര്‍ക് ഗ്രെയ്ഗാണ് (5) ക്രീസില്‍. വില്യംസണ്‍ (54), ജെയിംസ് നീഷാം (85) മികച്ച പിന്തുണ നല്‍കി.
അഞ്ച് റണ്‍സകലെ വെച്ച് ടെസ്റ്റിലെ ഏറ്റവും വേഗമാര്‍ന്ന ഡബിള്‍ സെഞ്ച്വറി റെക്കോര്‍ഡാണ് മെക്കല്ലത്തിന് നഷ്ടമായത്. എന്നാല്‍, ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന ടെസ്റ്റ് സെഞ്ച്വറി ഇനി മെക്കല്ലത്തിന്റെ പേരിലാകും. 74 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടുന്നതാണ് മെക്കല്ലത്തിന്റെ അതിവേഗ സെഞ്ച്വറി. മൊത്തം പതിനൊന്ന് സിക്‌സറുകളാണ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ടെസ്റ്റില്‍ 92 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ മെക്കല്ലം കെവിന്‍ പീറ്റേഴ്‌സന്‍, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ എന്നിവരെ പിറകിലാക്കി. ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍ മെക്കല്ലം. നൂറ് സിക്‌സറുകളുമായി ആസ്‌ത്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റാണ് മുന്നില്‍.
ഒരു കലണ്ടര്‍ വര്‍ഷം മുപ്പത് സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ മെക്കല്ലം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്റ്റ് ബാറ്റ്‌സ്മാനായി. നവംബറില്‍ പാക്കിസ്ഥാനെതിരെ ഇരട്ടസെഞ്ച്വറി (202) നേടിയിരുന്നു മെക്കല്ലം. ഈ വര്‍ഷം ആയിരം റണ്‍സ് തികക്കുകയും ചെയ്തു.

Latest