Connect with us

National

ഇന്‍ഷ്വറന്‍സ്, കല്‍ക്കരി ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയില്‍ അധിക വിദേശ നിക്ഷേപത്തിന് വഴിയൊരുക്കാനും, സുപ്രീം കോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ വീണ്ടും പതിച്ച് കൊടുക്കാനും സാധ്യമാക്കുന്ന രണ്ട് ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പ് വെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഈ ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും, മത പരിവര്‍ത്തനത്തെ ചൊല്ലിയുള്ള ബഹളം കാരണം അവ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. തുടര്‍ന്നാണ് ഓര്‍ഡിനന്‍സുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതായി പ്രസ് സെക്രട്ടറി വേണു രാജാമണി അറിയിച്ചു. ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്ല്. 2008 മുതല്‍ ബില്‍ പാസാക്കാനിരിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് വഴി ഈ ബില്ലുകള്‍ കൊണ്ടുവരരുതെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ പാര്‍ലിമെന്റ് സമ്മേളനം അവസാനിച്ചതിന് തൊട്ടു പിറകേ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു സര്‍ക്കാര്‍.
ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാറിന്റെ നിശ്ചദാര്‍ഢ്യത്തിന്റെ പ്രതീകമാണെന്ന് ധനകാര്യ തമന്ത്രി അരുണ്‍ ജെയ്റ്റിലി അവകാശപ്പെട്ടു. 2008മുതല്‍ പാസ്സാകാതെ കിടക്കുന്ന ബില്ല് വരുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയില്‍ വന്‍ ഉണര്‍വ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിന് രാജ്യസഭയുടെ സെലക്ട് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പക്ഷേ, ബഹളം മൂലം സഭയില്‍ വെക്കാനായില്ല.

Latest