Connect with us

International

തടങ്കലിനെതിരെ ലഖ്‌വി പാക്കിസ്ഥാന്‍ ഹൈക്കോടതിയില്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരന്‍ സക്കീഉര്‍റഹ്മാന്‍ ലഖ്‌വി തന്നെ വീണ്ടും കസ്റ്റഡിയിലെടുത്ത പാക്ക് സര്‍ക്കാറിന്റെ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. മോചിപ്പിക്കണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചു കൊണ്ടല്ല തന്നെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റജാ റിസ്‌വാന്‍ പറഞ്ഞു. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
മുംബൈ ആക്രമണക്കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ഈ മാസം 18 നാണ് ലഖ്‌വിക്ക് ജാമ്യമനുവദിച്ചത്. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തുവന്ന ഉടനെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഖ്‌വി ബുധനാഴ്ച സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നതിനെ തുടര്‍ന്നാണ് ലഖ്‌വി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, ലഖ്‌വിക്ക് ജാമ്യം നല്‍കിയ നടപടി ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിക്കാന്‍ ഇതുവരെ സര്‍ക്കാറിനായിട്ടില്ല.
ശൈത്യകാല അവധിക്ക് രണ്ടാഴ്ച കോടതി അടച്ചതിനാല്‍ ലഖ്‌വിയെ മോചിപ്പിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ കോപ്പി പോലും സര്‍ക്കാറിന് ലഭിച്ചിട്ടില്ല. ലഖ്‌വിക്ക് ജാമ്യം നല്‍കാനുള്ള കോടതി വിധിയെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Latest