സര്‍ക്കാറിന്റെ മുന്നറിയിപ്പ് അവഗണിച്ച് നഴ്‌സുമാര്‍ ലിബിയയിലേക്ക് മടങ്ങി

Posted on: December 27, 2014 12:08 am | Last updated: December 27, 2014 at 12:08 am

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലേക്ക് സര്‍ക്കാറിന്റെ മുന്നറിയിപ്പ് വകവക്കാതെ എട്ടു നഴ്‌സുമാര്‍ ഇന്നലെ തിരിച്ചുപോയി. ലിബിയയില്‍ നിന്ന് അവധിക്കെത്തിയവരാണ് ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രയായത്.
ഇവരെ പിന്തിരിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും മുന്നറിയിപ്പ് വകവെക്കാതെയാണ് ഇവര്‍ ലിബിയക്ക് പോയത്. പത്തു വര്‍ഷത്തോളമായി ലിബിയയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് യാത്രാസൗകര്യം ചെയ്തു കൊടുത്തകൂത്താട്ടുകുളത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ഇവര്‍ 200 ഓളം പേരെ വിസിറ്റിംഗ് വിസയില്‍ ലിബിയയിലേക്ക് അയക്കാന്‍ ഒരുങ്ങുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം. ആഭ്യന്തരകലാപം നടക്കുന്ന ലിബിയയിലേക്ക് നഴ്‌സുമാരെ അയക്കരുതെന്നാവശ്യപ്പെട്ട് അവിടത്തെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിന് കത്തു നല്‍കിയിരുന്നു.
ഇതിന് പിന്നാലെ കൂത്താട്ടുകുളത്തെ ട്രാവല്‍ ഏജന്‍സി ടൂറിസ്റ്റ് വീസയില്‍ 200 നഴ്‌സുമാരെ ലിബിയയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നുവെന്ന് ട്രിപ്പോളിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നോര്‍ക്കയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി എറണാകുളം റേഞ്ച് ഐജി എം ആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്തുള്ള ഐ ജിയുടെ നിര്‍ദേശ പ്രകാരം ഇതേക്കുറിച്ച് അന്വേഷിച്ച കൂത്താട്ടുകുളം പോലീസാണ് അവധിക്കെത്തിയ എട്ട് നഴ്‌സുമാര്‍ ലിബിയയിലേക്ക് തിരികെപോകുന്നുണ്ടെന്നു കണ്ടെത്തിയത്. ഇവര്‍ പക്ഷേ വിസിറ്റിംഗ് വിസയിലല്ല പോകുന്നതെന്നും അഞ്ച് മുതല്‍ 13 വര്‍ഷം വരെയായി ലിബിയയില്‍ ജോലി ചെയ്യുന്നവരാണിവരെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ലിബിയയിലേക്ക് പോകുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നോര്‍ക്ക അധികൃതര്‍ ഇവരുമായി സംസാരിക്കുകയും പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തുവെങ്കിലും ഇവരെ പിന്തിരിപ്പിക്കാനായില്ല.
സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ലിബിയയിലാണെന്നും പോകാതിരിക്കാനാകില്ലെന്നുമായിരുന്നു നഴ്‌സുമാരുടെ നിലപാട്. അതേസമയം കൂത്താട്ടുകുളത്തെ ട്രാവല്‍ ഏജന്‍സി 200 ഓളം നഴ്‌സുമാരെ ടൂറിസ്റ്റ് വീസയില്‍ ലിബിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ആരോപണവിധേയരായ ട്രാവല്‍ ഏജന്‍സി ഉടമകളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കേരളത്തില്‍ നിന്ന് ലിബിയയിലേക്ക് നഴ്‌സുമാരെ അയയ്ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പോലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലിബിയയിലെ സ്ഥിതി ഗുരുതരമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
അവിടെ നിന്നു മടങ്ങിയെത്തിയവരുടെ പുനഃരധിവാസം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഒരുമിച്ച് ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്. കഴിഞ്ഞയാഴ്ചയാണ് മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ നാട്ടിലെത്തിയത്.