Connect with us

Eranakulam

മദ്യപിച്ച് വിമാനം പറത്താനെത്തിയത് 170 പൈലറ്റുമാര്‍

Published

|

Last Updated

കൊച്ചി: മദ്യപിച്ച് വിമാനം പറത്താനെത്തിയ 170 പൈലറ്റുമാര്‍ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്ന് വിവരാവകാശരേഖ. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി, അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ഈ വിവരം പുറത്തു വിട്ടത്. ഗുരുതരമായ കൃത്യവിലോപമുണ്ടായിട്ടും എട്ട് പേരെ മാത്രമാണ് ഇതുവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും രേഖ വ്യക്തമാക്കുന്നു.
2009 മുതല്‍ കഴിഞ്ഞ മാസം വരെ ബ്രീത്ത് അനലൈസന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വിമാനം പറത്തലിനിടെ പൈലറ്റുമാരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് പൈലറ്റും ക്യാബിന്‍ ക്രൂവും മദ്യപിക്കരുതെന്നാണ് എയര്‍ ക്രാഫ്റ്റ് റൂളിന്റെ 24- ാം ചട്ടം അനുശാസിക്കുന്നത്. ഈ ചട്ടം ലംഘിച്ചാല്‍ മൂന്ന് മാസം വിമാനം പറപ്പിക്കാനുള്ള ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യാം. കുറ്റം രണ്ടാമതും ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യാം.
നടപടി നേരിട്ട പൈലറ്റുമാരുടെ പേരുവിവരം ചരിത്രത്തില്‍ ആദ്യമായാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വിവരാവകാശ നിയമപ്രകാരം പുറത്തുവിടുന്നത്. വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരമാണെന്ന കാരണം ചൂണ്ടിക്കാട്ടി ഈ വിവരം നല്‍കാതിരിക്കുകയാണ് പതിവ്. കുറ്റാരോപിതരായ പൈലറ്റുമാരുടെ പേരുവിവരങ്ങളടങ്ങുന്ന രേഖ നല്‍കിയതിനുശേഷം വ്യോമയാന ഡയറക്ടറേറ്റിന്റെ എയര്‍ സേഫ്റ്റി ഡയറക്ടര്‍ അപേക്ഷകനെ ഫോണില്‍ വിളിച്ച് ഈ രേഖകള്‍ പുറത്തുവിടരുതെന്നും എത്രയും പെട്ടെന്ന് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വി വി ഐ പികളുള്‍പ്പെടെയുള്ളവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇത് രഹസ്യവിവരമല്ലെന്നും ഇക്കാര്യം പുറത്തുവരേണ്ടത് വിശാലമായ പൊതുതാത്പര്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും അഡ്വ. ഡി ബി ബിനു പറഞ്ഞു. അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ്് ഏറ്റവും കൂടുതല്‍ (53 പേര്‍) പൈലറ്റുമാര്‍ വിമാനം ഓടിക്കാനായി മദ്യപിച്ചെത്തിയത്. രണ്ടാം സ്ഥാനം മുബൈ (43), മൂന്നാം സ്ഥാനം കൊല്‍ക്കത്ത (20), നാലാംസ്ഥാനം ചെന്നൈ (15). കൊച്ചിയില്‍ നാലും, തിരുവന്തപുരത്ത് രണ്ടും പൈലറ്റുമാരാണ് മദ്യപിച്ച് വിമാനമോടിക്കാനെത്തിയത്. ഇവരില്‍ കൂടുതലും സ്വകാര്യ വിമാന കമ്പനികളിലെ പൈലറ്റുമാരാണ്. എന്നാല്‍, എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും കൃത്യവിലോപത്തില്‍ നിന്നും ഒഴിവാകുന്നില്ല. എയര്‍ ഇന്ത്യ 11 ഉം, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010ല്‍ 25, 2011ല്‍ 20, 2012ല്‍ 41, 2013ല്‍ 31, 2014 നവംബര്‍ മൂന്ന് വരെ 18 ഉം പൈലറ്റുമാരാണ് മദ്യപിച്ച് ജോലിക്കെത്തിയതിന് പിടിയിലായത്.

Latest