സോഷ്യലിസ്റ്റ് ജനത, ജനതാദള്‍(യു) ലയനസമ്മേളനം തൃശൂരില്‍

Posted on: December 26, 2014 9:11 pm | Last updated: December 27, 2014 at 12:11 am

തൃശൂര്‍: സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), (ജതാദള്‍ (യു) പാര്‍ട്ടികളുടെ ലയനസമ്മേളനം നാളെ തൃശൂരില്‍ നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലയന സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് തേക്കിന്‍കാട് മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനതാദള്‍ യുവിന്റെ ദേശീയ നേതാക്കള്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ അധ്യക്ഷനാകും. ജനതാദള്‍ യു ദേശീയ പ്രസിഡന്റ് ശരത് യാദവ് ഉദ്ഘാടനം ചെയ്യും. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ജെ ഡി യു പതാക എം പി വീരേന്ദ്രകുമാറിന് കൈമാറും.പാര്‍ട്ടിയുടെ പതിനാല് ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന പ്രസിഡന്റില്‍ നിന്ന് പുതിയ പതാക സ്വീകരിക്കും.
ബീഹാര്‍ ഭക്ഷ്യമന്ത്രി ശ്യാം രാജക്, ജനതാദള്‍ ദേശീയ വൈസ് പ്രസിഡന്റ് നാദെ ഗൗഡ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍കുമാര്‍ ശ്രീവാസ്തവ, ജാവേദ് റാസ തുടങ്ങിയവരും പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നായി കാല്‍ ലക്ഷത്തോളം അണികള്‍ സമ്മേളനത്തിനെത്തുമെന്നും, ലയന ശേഷം പാര്‍ട്ടി വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.