ഇന്ത്യ-യുഎഇ നിയമ വ്യവസ്ഥകളില്‍ ബോധവത്കരണം വേണം

Posted on: December 26, 2014 7:56 pm | Last updated: December 26, 2014 at 7:56 pm

DSC_1097ദുബൈ: യു എ ഇയും ഇന്ത്യയും തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയിലെ വിവിധ വശങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് ദുബൈ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍. ഇരു രാജ്യങ്ങളിലെയും മാറിവരുന്ന നിയമങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ ദുബൈ ജുഡീഷ്യല്‍ ഇന്‍സ്റ്റിട്യൂട്ടും മുസ്തഫ അല്‍മന സ്ഥാപനവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അനുരാഗ് ഭൂഷണ്‍ ശ്ലാഘിച്ചു. ദുബൈ ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടും മുസ്തഫ അല്‍മന ലീഗല്‍ ഫേമും നടത്തിയ ഏകദിന നിയമ ശാക്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോണ്‍സുല്‍ ജനറല്‍.
ലോകത്തിന്റെ ഏതുകോണിലും ഉള്‍ക്കടലിലും ഇന്ത്യന്‍ കപ്പലിലും വെച്ച് ഇന്ത്യന്‍ പൗരന്മാര്‍ ചെയ്യുന്ന ഏതു കുറ്റകൃത്യങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയില്‍വെച്ചു വിദേശികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കാനും വിചാരണ ചെയ്യാനും ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ അനുവദിക്കുന്നുവെന്നും അതില്‍ ഏറ്റവും നല്ല ഉദാഹരണമാണ് അറേബ്യന്‍ കടലില്‍വെച്ചു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നതെന്നും കേരള പ്രോസിക്യൂഷന്‍ ജനറല്‍ ടി ആസിഫലി പറഞ്ഞു.
സമ്മേളനത്തില്‍ അഡ്വ. അസ്ഹാന്‍ മുസ്തഫാ ബക്കര്‍ സ്വാഗതവും അക്ഷയ് ഭന്ധാര്‍ക്കര്‍ നന്ദിയും പറഞ്ഞു.