ജല-പരിസ്ഥിതി മന്ത്രാലയം കീടനാശിനികളുടെ പട്ടിക പരിഷ്‌കരിച്ചു

Posted on: December 26, 2014 7:14 pm | Last updated: December 26, 2014 at 7:14 pm

അബുദാബി: രാജ്യത്ത് ഉപയോഗിക്കുന്ന കീടനാശിനികളുടെ പട്ടിക ജല-പരിസ്ഥിതി മന്ത്രാലയം പരിഷ്‌ക്കരിച്ചു. പുതുക്കിയ പട്ടികയില്‍ പുതിയവ ഉള്‍പെടുത്തുകയും നിലവിലുള്ളവയില്‍ ചിലതിനെ നിരോധിക്കുകയും ചെയ്താണ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. 359 കീടനാശിനികളാണ് പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മാരകമായ ദൂഷ്യങ്ങള്‍ ഉള്ളവയെക്കുറിച്ച് മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ ഉള്‍പെടെയുള്ള ഇതര ജീവികകള്‍ക്കും വിഷബാധ ഏല്‍ക്കാനുള്ള സാധ്യതയെക്കുറിച്ചും പരിഷ്‌ക്കരിച്ച പട്ടികയില്‍ വിശദമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജല-പരിസ്ഥിതി മന്ത്രി ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദ് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര സംഘടനകളുടെയും യൂറോപ്യന്‍ മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണ് പട്ടിക പരിഷ്‌ക്കരിച്ചിരിക്കുന്നത്. മൂന്നു വിഭാഗമാക്കി തിരിച്ചാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നതെന്ന് ഡോ. റാശിദ് പറഞ്ഞു. ആദ്യ ഭാഗത്തില്‍ രാജ്യത്ത് നിരോധിച്ച കീടനാശിനികളെക്കുറിച്ചാണ്. രണ്ടാമത്തേതില്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുള്ളവയെയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ വിഭാഗത്തില്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കേണ്ട കീടനാശിനികളാണുള്ളത്.
കീടനാശിനി ഉപയോഗത്തില്‍ നിയന്ത്രണവും നിയമനിര്‍മാണവും നടത്തിയ രാജ്യമാണ് യു എ ഇയെന്ന് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ആന്‍ഡ് ഹസാര്‍ഡസ് വെയ്സ്റ്റ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ഒതൈബ അല്‍ ഖായിദി ഓര്‍മിപ്പിച്ചു. പരിസ്ഥിതിക്ക് പരമാവധി കോട്ടമുണ്ടാവുന്നത് ഒഴിവാക്കാന്‍ സാധിക്കുന്ന രീതിയിലാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രജിസ്‌ട്രേഷന്‍ എടുക്കുമ്പോള്‍ ഏതെല്ലാം കീടനാശിനികളാണ് ഉപയോഗിക്കുന്നതെന്ന് കൃത്യമായി മന്ത്രാലയത്തില്‍ അറിയിച്ചിരിക്കണമെന്ന് നിയമത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.