Connect with us

Malappuram

കവര്‍ച്ചാ കേസുകളിലെ തൊണ്ടി മുതലുകള്‍ കണ്ടെടുത്തു

Published

|

Last Updated

എടക്കര: സംസ്ഥാനാന്തര ഭവന കവര്‍ച്ചാ കേസുകളിലെ കോടികള്‍ വിലമതിക്കുന്ന തൊണ്ടി മുതലുകള്‍ പോലീസ് കണ്ടെടുത്തു.
മലപ്പുറം, മക്കരപ്പറമ്പ് കാളന്തോടന്‍ അബ്ദുല്‍ കരീം (31), മലപ്പുറം വറ്റലൂര്‍ കുറുവ സ്വദേശി പിച്ചാന്‍ പുളിയമഠത്തില്‍ അബ്ദുല്‍ ലത്വീഫ് (23) എന്നിവര്‍ ചേര്‍ന്നാണ് മൂത്തേടത്തെ അടുക്കുത്ത് കിഴക്കേതില്‍ രാജന്റെ വീട് കുത്തി തുറന്ന് വജ്രാഭരണങ്ങളും വിദേശ കറന്‍സികളുമടക്കം അരക്കോടിയുടെ സാധനങ്ങള്‍ കവര്‍ന്നത്. ഈ കേസിന്റെ അന്വേഷണത്തില്‍ സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, ഗൂഢല്ലൂര്‍, വഴിക്കടവ്, എടക്കര, മേലാറ്റൂര്‍, മഞ്ചേരി, അരീക്കോട്, മുതലായ സ്ഥലങ്ങളില്‍ 50 ഓളം വീടുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയതിന് തുമ്പായി. കുരുമുളക്, കാപ്പി, റബ്ബര്‍ ഷീറ്റ് തുടങ്ങിയ കാര്‍ഷിക ഉത്പ്പന്നങ്ങളും എല്‍ സി ഡി ടി വി, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, ക്യാമറ, വാച്ച് മുതലായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പണവും വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷ കണക്കിന് രൂപയുടെ മുതലുകളാണ് ആറു മാസത്തോളമായി പ്രതികള്‍ മോഷ്ടിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പ് ഇരുപത് കേസുകളില്‍ പിടിക്കപ്പെട്ട് ജയിലിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവര്‍ച്ച നടത്തിയത്. മുന്‍പ് പിടികൂടിയ മുഴുവന്‍ കേസുകളിലും ഇവര്‍ക്ക് എതിരെ വിവിധ കോടതികളില്‍ വാറണ്ടുണ്ട്. തൊണ്ടി മുതലുകള്‍ ഗൂഡല്ലൂര്‍, ഊട്ടി, മൈസൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, തിരൂര്‍, പുലാമന്തോള്‍, കൊപ്പം എന്നിവിടങ്ങളില്‍ നിന്നും പ്രതികള്‍ വിറ്റത് പോലീസ് കണ്ടെടുത്തു. മൂത്തേടം കവര്‍ച്ചാ കേസില്‍ നഷ്ടപ്പെട്ട മുതലുകളില്‍ ഒരു വളയും മോതിരം ഒഴികെ മുഴുവന്‍ തൊണ്ടി മുതലുകളും വീണ്ടെടുത്തു. മോതിരം ഗൂഡല്ലൂരിലെ ഒരു സ്വര്‍ണകടയില്‍ കാണിച്ചപ്പോള്‍ അത് മുക്കാണെന്ന് പറഞ്ഞപ്പോള്‍ ഗൂഢല്ലൂരിലെ മുനിസിപ്പാലിറ്റിയിലെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോഷണത്തിനായി ഉപയോഗിച്ച കാറും ബൈക്കും കണ്ടെടുത്തു. മദ്യവും പണവും കൊടുത്താല്‍ കേരളത്തിലെ കോടതികളില്‍ വന്ന് ജാമ്യമെടുക്കുന്ന സംഘം ഗൂഢല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘമാണ് ഇവരെ ജാമ്യത്തിലറങ്ങാന്‍ സഹായിക്കാറ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സി ഐ അബ്ദുല്‍ ബശീര്‍, എടക്കര എസ് ഐ ജ്യോതീന്ദ്രകുമാര്‍, പ്രതീപ്കുമാര്‍, എസ എസ് ഐ മാരായ വിജയന്‍, കാസിം, സ്റ്റേറ്റ് ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗം എം അസൈനാര്‍, സി പി ഒ മാരായ ജാബിര്‍, ഷിഫിന്‍, മുജീബ്, ഉണ്ണികൃഷ്ണന്‍, സലീല്‍, അബൂബക്കര്‍, ബത്തേരി സ്‌ക്വാഡ് അംഗങ്ങളായ ഹരീഷ്, അബ്ദുല്‍ സലാം, മഞ്ചേരി സ്റ്റേഷനിലെ സജീവ്, വിജിത, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

---- facebook comment plugin here -----

Latest