ആനുകൂല്യം നിഷേധിക്കുന്നത് സാമ്പത്തിക ക്രമക്കേടിന് തുല്യം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: December 25, 2014 5:42 am | Last updated: December 24, 2014 at 11:43 pm

KOSHIതിരുവനന്തപുരം: പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് വിഹിതം വാങ്ങിയശേഷം ആനുകൂല്യം നല്‍കേണ്ട സമയം വരുമ്പോള്‍ ഫണ്ടില്ലെന്ന് പറയുന്നത് സാമ്പത്തിക ക്രമക്കേടിന് തുല്യമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് നിയമാനുസൃതം ആനുകൂല്യം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്ന കുഞ്ഞമ്മ പൊന്നപ്പന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരി 60 വയസ്സുവരെ ക്ഷേമനിധിയില്‍ പണം അടച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ രണ്ട് കാലുകളും വലതു കൈയും തളര്‍ന്ന് കിടപ്പിലാണ്. കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ആനുകൂല്യത്തിന് അപേക്ഷിച്ചെങ്കിലും പണമില്ലെന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ക്ഷേമനിധിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 2009 വരെയുള്ള ആനുകൂല്യം നല്‍കാനുള്ള ഫണ്ട് മാത്രമാണുള്ളതെന്നും പരാതിക്കാരിയുടെ അപേക്ഷ 2012 ലേതാണെന്നും വിശദീകരണത്തില്‍ പറയുന്നു.
2010ലെ അപേക്ഷകര്‍ക്ക് നല്‍കാന്‍ രണ്ട് കോടി വേണം. ക്ഷേമനിധിയില്‍ അംഗങ്ങള്‍ തങ്ങളുടെ വിഹിതം അടക്കാറുണ്ടെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. 60 വയസ്സാകുമ്പോള്‍ അംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കണം. പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് വിഹിതം പിടിച്ച ശേഷം പണമില്ലെന്ന് പറഞ്ഞ് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പരാതിയില്‍ പറയുന്നു. ജനുവരി 31നകം സംഭവത്തെ കുറിച്ച് അനേ്വഷിച്ച് ചീഫ് സെക്രട്ടറിയും തൊഴില്‍ സെക്രട്ടറിയും വിശദീകരണം സമര്‍പ്പിക്കണം. വിഷയം മുഖ്യമന്ത്രിയുടെയും തൊഴില്‍മന്ത്രിയുടെയും ശ്രദ്ധയില്‍ കമ്മീഷന്‍ കൊണ്ടുവരും.