Connect with us

Alappuzha

കായംകുളത്തും മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചു

Published

|

Last Updated

കായംകുളം: ഹരിപ്പാട് കഴിഞ്ഞ ദിവസം നടന്ന ഘര്‍ വാപസി (തറവാട്ടിലേക്ക് മടക്കം) പരിപാടിക്ക് പിന്നാലെ ഇന്നലെ കായംകുളത്തും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചു.
മൂന്ന് കുടുംബങ്ങളില്‍പ്പെട്ട 11 പേരെയാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതെന്ന് വിശ്വ ഹിന്ദുപരിഷത്ത് അവകാശപ്പെട്ടു. ചടങ്ങുകള്‍ക്ക് ശേഷം ഇവര്‍ തന്നെയാണ് പുനര്‍ മതപരിവര്‍ത്തന വിവരം ചില മാധ്യമങ്ങളെ വിളിച്ചറിയിച്ചതെന്നത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.ലൗ ജിഹാദിലൂടെ ഹിന്ദുമതം വിട്ട രണ്ട് കുടുംബങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കുടുംബവുമാണ് ഇന്നലെ പുനര്‍മതപരിവര്‍ത്തനത്തിന് വിധേയരായതെന്നാണ് വി എച്ച് പി അവകാശപ്പെടുന്നത്.
രാവിലെ അഞ്ച് മണി മുതല്‍ ഒമ്പത് മണിവരെ പുതുപ്പള്ളി വാരണപ്പള്ളി കിഴവൂര്‍ യക്ഷിയമ്മ ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തിയത്. മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ട് വസ്ത്രങ്ങള്‍ നല്‍കി സ്വീകരിച്ച ശേഷം പ്രത്യേക ഹോമങ്ങള്‍ നടത്തിയാണ് പരിവര്‍ത്തനചടങ്ങ് നടത്തിയത്. വിശ്വഹിന്ദുപരിഷത്ത് ചെങ്ങന്നൂര്‍ ജില്ലാ പ്രസിഡന്റ് പ്രതാപ് പി പടിക്കലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടത്തിയത്. അതേസമയം, ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്നവര്‍ പുതുപ്പള്ളിയിലോ പരിസരപ്രദേശങ്ങളിലോ ഉള്ളവരല്ലെന്നും ഹിന്ദുമതത്തില്‍ നിന്നോ മറ്റേതെങ്കിലും മതത്തില്‍ നിന്നോ ഇസ്‌ലാം മതം സ്വീകരിച്ചവര്‍ പുതുപ്പള്ളി ഭാഗത്ത് താമസക്കാരായിട്ടില്ലെന്നും പുതുപ്പള്ളി ജമാഅത്ത് പ്രസിഡന്റ് പുതുപ്പള്ളി സെയ്ദും സെക്രട്ടറി ബഷീറും അറിയിച്ചു. പ്രചാരണത്തിന് വേണ്ടി നടത്തിയ ചടങ്ങ് മാത്രമാണിതെന്ന് അവര്‍ പറഞ്ഞു. സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാടിന് സമീപം ചേപ്പാട്ട് പെന്തക്കോസ്ത് വിഭാഗത്തിലെ എട്ട് കുടുംബങ്ങളില്‍ നിന്നുള്ള 30 പേരെ ഹിന്ദുമതത്തിലേക്ക് പുനര്‍മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നു. ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ രണ്ടിടങ്ങളിലായി മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നിട്ടും ആഭ്യന്തര വകുപ്പ് യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.
പരാതിക്കാര്‍ ഇല്ലെന്ന ന്യായമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. അതേസമയം, പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പോലും വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹതക്കിടയാക്കുന്നു.

Latest