Connect with us

Kerala

തേക്കടി ബോട്ട് ദുരന്തം: തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Published

|

Last Updated

തൊടുപുഴ: അഞ്ചു വര്‍ഷം മുമ്പ് നടന്ന തേക്കടി ബോട്ടു ദുരന്തത്തില്‍ പ്രതികളാക്കപ്പെട്ടവരുടെ പങ്കില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. ദുരന്തത്തിനിരയായ ജലകന്യക ബോട്ടിന്റെ ഉടമകളായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതില്‍ സംശയം പ്രകടിപ്പിച്ച ഇടുക്കി ജില്ലാ കോടതി ഏഴു പ്രതികളില്‍ ഒരാളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ആറാം പ്രതി ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് സീനിയര്‍ സര്‍വയര്‍ കെ കെ സഞ്ജീവിനെയാണ് അഡീഷനല്‍ ജില്ലാ ജഡ്ജി ഡി സുരേഷ് കുമാര്‍ കുറ്റ വിമുക്തനാക്കിയത്. 2009 സെപ്തംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെ ടി ഡി സിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചത്.
ദുരന്തകാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്. റിട്ട. ജില്ലാ ജഡ്ജി മൊയ്തീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായും കോട്ടയം ക്രൈംബ്രാഞ്ച് എസ് പി പി എ വത്സന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായും നിയോഗിച്ചു. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞ് കമ്മീഷന്‍ 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടര്‍ സാമുവല്‍, ലസ്‌കര്‍ അനീഷ്, ബോട്ട് ഡിസൈനര്‍ ഡോ. അനന്തസുബ്രഹ്മണ്യം, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം മാത്യൂസ്, ടൂറിസം വകുപ്പ് എം ഡി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്‍, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു, ബോട്ട് സൂപ്പര്‍വൈസര്‍ തേവന്‍ എന്നിവരെയാണ് കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തിയത്.
എന്നാല്‍ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലസ്‌കര്‍ അനീഷ്, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം. മാത്യൂസ്, ഫോറസ്റ്റ വാച്ചര്‍ പ്രകാശന്‍, ബോട്ട നിര്‍്മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവരെയും കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്ന കെ കെ സഞ്ജീവിനെയുമാണ് കുറ്റപത്രത്തില്‍ പ്രതികളാക്കിയിരുന്നത്.
ബോട്ട് നിര്‍മ്മിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍.