മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിനെങ്ങും ജില്ലയില്‍ വിപുലമായ പരിപാടികള്‍

Posted on: December 24, 2014 11:47 pm | Last updated: December 24, 2014 at 11:47 pm

കല്‍പ്പറ്റ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തെങ്ങും വിപുലമായ പരിപാടികള്‍. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ സജീവമായി.
ഇത്തവണ ജനുവരി മൂന്നിനാണ് മീലാദ് ശരീഫ്. മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ച് റബീഉല്‍ അവ്വല്‍ 12ന് പുലര്‍ച്ചെ മുതല്‍ വിവിധ ആഘോഷപരിപാടികള്‍ നടക്കും. ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സ്‌നേഹവിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുമ്പോള്‍ ജില്ലയിലെ പള്ളികളില്‍ സുബ്ഹി നമസ്‌കാരത്തിന് മുമ്പ് പ്രഭാത മൗലിദും നടക്കും.
രാവിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മീലാദ് റാലിയും ശേഷം അന്നദാനവും നടത്തും. മദ്‌റസകളില്‍ വിദ്യാര്‍ഥികളുടെ കലാവിരുന്നിനുള്ള ഒരുക്കങ്ങളും നടന്നു വരികയാണ്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മൗലിദ് സദസ്സു കളും പ്രകീര്‍ത്തന പ്രഭാഷണത്തിനും പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. സെമിനാര്‍, പ്രകീര്‍ത്തന പ്രഭാഷണം, സര്‍ഗമേള, മൗലിദ് ജല്‍സ, സ്‌നേഹോപഹാരം, ബുര്‍ദ മജ്‌ലിസ് തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം തുടങ്ങിയ സംഘടനകള്‍.