Connect with us

Gulf

പോലീസ് 10,039 പേര്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

ദുബൈ: ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ക്യാമറകളില്‍ പതിഞ്ഞ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10,039 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പോലീസ് വ്യക്തമാക്കി. അപകടത്തിന് ഇടയാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, ഗതാഗതം തടസപ്പെടുത്തല്‍, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവരാണ് ക്യാമറകളില്‍ കുടുങ്ങിയത്. ഇതേ കാലയളവില്‍ 22.5 ലക്ഷം പേര്‍ക്കാണ് ഇതര ഗതാഗത നിയമലംഘനങ്ങള്‍ ഉള്‍പെടെ പിഴ ചുമത്തിയത്. ഓപറേഷന്‍സ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞ നിയമലംഘനങ്ങളും ഇതില്‍ ഉള്‍പെടുമെന്ന് ദുബൈ ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.
ദുബൈയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ഉള്‍നാടന്‍ റോഡുകളും ഉള്‍പെടും. ആധുനിക കാലഘട്ടത്തില്‍ നിയമലംഘകരെ പിടികൂടാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ക്യാമറകളാണ്. ഈ രീതി പിന്തുടരുന്നതിനാല്‍ നിയമലംഘനം നടത്തുന്നവര്‍ അവരെ നീരീക്ഷിക്കുന്നുണ്ടെന്ന സത്യം അറിയാറില്ല. ഇന്റര്‍സെക്ഷനുകളില്‍ ചുവപ്പ് വെളിച്ചം മറികടന്നു പോകുന്നത് ഉള്‍പെടെയുള്ള നിയമലംഘനങ്ങള്‍ സ്പീഡ് റഡാറുകളില്‍ രേഖപ്പെടുത്തുന്നുണ്ട്. പച്ച വെളിച്ചത്തില്‍ ആവശ്യമായതിലും കുറഞ്ഞ വേഗത്തില്‍ വാഹനം ഓടിക്കുന്നവരെയും റഡാര്‍ വിടില്ല. ഗതാഗത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും പോലീസില്‍ അറിയിക്കാമെന്നും അതിനായി ടോള്‍ ഫ്രീ നമ്പറായ 800 4353 യിലേക്ക് വിളിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദുബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിലാണ് പിഴ അടക്കേണ്ടത്.

Latest