മലയാളിയുടെ ചായക്കട അവിടെയും

Posted on: December 24, 2014 2:37 pm | Last updated: December 24, 2014 at 2:37 pm

malayaliഷാര്‍ജ; അത്ഭുതപ്പെടേണ്ട; മരുഭൂവിലും മലയാളികള്‍ കഫ്‌തേരിയ തുറന്നു. ഷാര്‍ജയിലെ മദാം മരുഭൂമിയിലാണ് കഫ്‌തേരിയ. റോള നഗരത്തില്‍ നിന്നു ഏകദേശം 75 കിലോമീറ്റര്‍ അകലെ.

കാസര്‍കോട്, കുമ്പള, കൊടിയമ്മയിലെ കെ കെ മുഹമ്മദ്, ധര്‍മ്മത്തടുക്കയിലെ കെ മുഹമ്മദ് എന്നിവരാണ് നടത്തിപ്പുകാര്‍. നാല് മാസം മുമ്പാണ് തുടങ്ങിയത്. സ്വദേശിയുടെതാണ് കെട്ടിടം. ഹോളോമ്പ്രിക്‌സും, ഷീറ്റുകളും ഉപയോഗിച്ചാണ് നിര്‍മിച്ചത്. അകത്തും പുറത്തും നല്ല സൗകര്യമുണ്ട്. ഡിസംബര്‍ രണ്ട് എന്നാണ് കഫ്‌തേരിയയുടെ പേര്. അനന്തമായി പരന്നുകിടക്കുന്ന മദാം മരുഭൂവില്‍ മദാം-ഒമാന്‍ പാതയുടെ ഓരത്താണ് പുതിയ പരീക്ഷണത്തിനായി 41 കാരനായ കെ കെ മുഹമ്മദും 39കാരനായ കെ മുഹമ്മദും രംഗത്തുവന്നത്. ചുറ്റും മണലാരണ്യമാണ്. ഇരുള്‍ വീണാല്‍ വിജനമാകും. പകല്‍ സമയങ്ങളില്‍ വാഹനങ്ങളുടെ ഇരമ്പലും, കഫ്‌തേരിയയിലെത്തുന്ന യാത്രക്കാരുമാണ് ഇവരുടെ കൂട്ട്. വൈദ്യുതി എത്താത്തതിനാല്‍ ജനറേറ്ററാണ് ഉപയോഗിക്കുന്നത്. വെള്ളം ലോറികളില്‍ എത്തിക്കുന്നു. കഫ്‌തേരിയയുടെ പിറകില്‍ തന്നെയാണ് താമസം. രാവിലെ ആറ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കുന്നു. യാത്രക്കാരും, സഫാരിക്കെത്തുന്നവരുമാണ് ഉപഭോക്താക്കള്‍. പ്രധാന കച്ചവടം സാന്റ്‌വിച്ച്. അവധി ദിവസങ്ങളിലാണ് പ്രധാനമായും കച്ചവടം. നിത്യവും 100 മുതല്‍ 200 ദിര്‍ഹം വരെ കച്ചവടം നടക്കുന്നു.
യാത്രക്കാര്‍ക്ക് നിസ്‌കാരത്തിനുള്ള സൗകര്യവും സമീപത്ത് ഒരുക്കിയിട്ടുണ്ട്. ചെറിയൊരു കൂടാരമാണ് പ്രാര്‍ഥനക്കായി നിര്‍മിച്ചിരിക്കുന്നത്. അംഗസ്‌നാനത്തിനും മലമൂത്ര വിസര്‍ജ്ജനത്തിനും സൗകര്യമുണ്ട്.
നേരത്തെ സഊദി അറേബ്യയിലായിരുന്നു കെ കെ മുഹമ്മദ്. കെ മുഹമ്മദ് ദുബൈയിലും. ഇരുവരും വിസ റദ്ദ് ചെയ്ത് നാട്ടിലെത്തി ഏറെ നാള്‍ താമസിച്ചു. തിരികെയെത്തിയാണ് മരുഭൂവില്‍ പരീക്ഷണത്തിനിറങ്ങിയത്.
തണുപ്പുകാലത്ത് മാത്രമാണ് ഇവര്‍ക്ക് ആശ്വാസം ലഭിക്കുക. ചൂടുകാലത്ത് ഇവിടം ചുട്ടുപൊള്ളും. ഇതൊക്കെ മനസ്സിലാക്കി തന്നെയാണ് ഇരുവരും സര്‍വ്വതും അല്ലാഹുവില്‍ ഏല്‍പ്പിച്ച് കുടുംബത്തെ പുലര്‍ത്താനായി ആരോരും തുണയില്ലാത്ത മണലാരണ്യത്തില്‍ വിയര്‍പ്പൊലിപ്പിക്കാന്‍ ഒരുങ്ങിയത്. തികഞ്ഞ പ്രതീക്ഷയിലാണ് ഇരു മുഹമ്മദ്മാരും. മരുഭൂവാണെങ്കിലും തങ്ങള്‍ക്കു ഭയമില്ലെന്നും, കച്ചവടം പുരോഗമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു. മലയാളികളുടേതാണ് കഫ്‌തേരിയയെന്ന് അതുവഴിയുള്ള യാത്രക്കാര്‍ക്ക് അറിയില്ല. അവിടം ചെന്നാലെ വ്യക്തമാകൂ. അതുകൊണ്ടുതന്നെ മലയാളികളെത്തുമ്പോള്‍ അവര്‍ക്കു സന്തോഷം പ്രകടമാകുന്നു.
മനോധൈര്യവും ആത്മവിശ്വാസവും കൈവിടാതെ ലോകത്തിന്റെ ഏതു ഭാഗത്തും ജോലി ചെയ്യാന്‍ മലയാളികള്‍ക്കു മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇരു മുഹമ്മദ്മാരും.