ജെയിംസ് റോഡ്രിഗസ് ഗൂഗിളിന്റെ താരം

Posted on: December 24, 2014 6:00 am | Last updated: December 24, 2014 at 9:32 am

james-rodriguez-golden-boot-620മാഡ്രിഡ്: കായിക താരങ്ങളില്‍ 2014 വര്‍ഷത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് കൊളംബിയയുടെ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസിനെ. ലോകകപ്പ് ഫുട്‌ബോളില്‍ കൊളംബിയയെ ക്വാര്‍ട്ടര്‍ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച റോഡ്രിഗസ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡും സ്വന്തമാക്കിയിരുന്നു.
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒച്ചാവോ, ഉറുഗ്വേ താരം ലൂയീസ് സുവാരസ് എന്നിവര്‍ക്ക് റോഡ്രിഗസിന്റെ പിന്നിലാണ് സ്ഥാനം. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ റോഡിഗ്രസിനെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. വന്‍ തുക പ്രതിഫലം നല്‍കിയാണ് അദ്ദേഹത്തെ റയല്‍ ടീമിലെത്തിച്ചത്. നേരത്തെ ജന്മനാടായ കൊളംബിയ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി റോഡ്രിഗസിനെ ആദരിച്ചിരുന്നു.
സ്‌കീയിംഗിനിടെ ഗുരുതരമായി പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍, റയല്‍ മാഡ്രിഡ് താരം ഗാരത് ബെയ്ല്‍ എന്നിവരും ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക താരങ്ങളില്‍ ഉള്‍പ്പെടും. ലോകകപ്പ് ഫുട്‌ബോളില്‍ സൂപ്പര്‍സ്റ്റാറായതോടെ റോഡ്രിഡസിന്റെ ആരാധകരും വന്‍തോതില്‍ വര്‍ധിച്ചു. ഇതോടെ, റോഡ്രിഗസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കായികപ്രേമികള്‍ ഗൂഗിളിനെ ആശ്രയിച്ചതോടെയാണ് യുവതാരം ഈ നേട്ടം സ്വന്തമാക്കിയത്.