Connect with us

National

മോദിയെ തള്ളി മതം മാറ്റല്‍ മേളകളുമായി വി എച്ച് പി മുന്നോട്ട്‌

Published

|

Last Updated

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതൃപ്തിയെ തുടര്‍ന്ന് ഘര്‍ വാപസി എന്ന പേരിലുള്ള കൂട്ട മതംമാറ്റ മേളകള്‍ വി എച്ച് പി നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംഘടനയുടെ അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തി കാലങ്ങളായി തുടര്‍ന്ന് പോരുന്നതാണ്. ഇതില്‍ പുതുമയില്ല. എന്തെങ്കിലും പരിപാടി നടത്താനോ അവസാനിപ്പിക്കാനോ ഒരു നിര്‍ദേശവും വി എച്ച് പി നല്‍കിയിട്ടില്ലെന്നും തൊഗാഡിയ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് വി എച്ച് പി നേതാവ് പറഞ്ഞു. മതംമാറിയ ആറ് ലക്ഷം ഹിന്ദുക്കളെ തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നതായി മധ്യപ്രദേശ് വി എച്ച് പി ഘടകം അവകാശപ്പെട്ടു. ഇപ്പോള്‍ 40 ലക്ഷം പേരുടെ മതംമാറ്റലുകളാണ് നിര്‍ത്തിവെച്ചത്. ഹിന്ദു സംസ്‌കാരവും മതവും കഴിഞ്ഞ 800 വര്‍ഷമായി അടിമച്ചര്‍ത്തപ്പെട്ടുവെന്നും ഹിന്ദുത്വയെ സംരക്ഷിക്കുന്ന ഒരു സര്‍ക്കാറാണ് ഇപ്പോഴത്തേതെന്ന് തങ്ങള്‍ക്ക് സാഭിമാനം പറയാമെന്നും ഡല്‍ഹിയില്‍ വി എച്ച് പി നേതാവ് അശോക് സിംഗാള്‍ പറഞ്ഞു. സിംഗാള്‍ നേരത്തെയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. തങ്ങളുടെ മൂല്യങ്ങള്‍ ക്രമേണ ഈ രാജ്യത്ത് സ്ഥാപിക്കപ്പെടും. ഹിന്ദു മൂല്യങ്ങള്‍ അനുസരിച്ച് ലോകക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന അജയ്യമായ ഹിന്ദു സമൂഹമാണ് തങ്ങളുടെ അഭിലാഷം. ലോകത്തെ മാറ്റാനല്ല മറിച്ച് ലോകത്തിന്റെ ഹൃദയം കീഴടക്കാനാണ് തങ്ങളുടെ ശ്രമമെന്നും സിംഗാള്‍ പറഞ്ഞു.
സര്‍ക്കാറില്‍ നിന്ന് യാതൊരു സമ്മര്‍ദവുമില്ലെന്നും മേളകള്‍ തുടരുമെന്നും ഗുജറാത്തിലെ വി എച്ച് പി നേതാവ് പറഞ്ഞു. തങ്ങളുടെ പരിപാടികള്‍ സമൂഹത്തില്‍ വെറുപ്പ് പ്രചരിപ്പിക്കില്ലെന്നും ഉറപ്പുവരുത്തും. പരിപാടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളോട് നിര്‍ദേശിച്ചതായും ഗുജറാത്തിലെ വി എച്ച് പി വൃത്തങ്ങള്‍ പറഞ്ഞു. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ അര്‍ണായിയില്‍ 500 ഗോത്രവിഭാഗക്കാരായ ക്രിസ്ത്യാനികളെ വി എച്ച് പി മതംമാറ്റിയതിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തിലും മറ്റുമായി കൂട്ട മേളകള്‍ സംഘടിപ്പിക്കുന്നത് വി എച്ച് പി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട് വന്നത്. രാജ്യത്തെ പരിവാര്‍ സംഘടനകളുടെ കൂട്ട മതംമാറ്റ പരിപാടികളെ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏറെ ഗൗരവമായാണ് കാണുന്നത്. യൂറോപ്പുമായി ഏറെ സാമ്പത്തിക, സൈനിക ബന്ധങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാറിന് കൂട്ട മതംമാറ്റ സംഭവങ്ങള്‍ തിരിച്ചടിയാകും.