മധു കോഡക്ക് അടിപതറി

Posted on: December 24, 2014 2:05 am | Last updated: December 23, 2014 at 11:06 pm

imagesറാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ സംവരണ മണ്ഡലമായ മജ്ഗാവില്‍ നിന്ന് തോറ്റു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ഥി നിരാള്‍ പുര്‍തിയോട് 10,000ലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യ ഗീതാ കോഡ ജഗന്നാഥ്പൂര്‍ സീറ്റ് നിലനിര്‍ത്തി. ബി ജെ പിയിലെ മംഗള്‍സിംഗിനെ 24,611 വോട്ടുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്.
2000 മുതല്‍ മധു കോഡ ജഗന്നാഥ്പൂരില്‍ നിന്നാണ് മത്സരിക്കുന്നത്. 2005ല്‍ ഇവിടെ നിന്ന് ജയിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിപദത്തില്‍ എത്തിയത്. 2000ത്തില്‍ ബി ജെ പി ടിക്കറ്റിലും 2005ല്‍ സ്വതന്ത്രനായും മത്സരിച്ചു. കല്‍ക്കരി കുഭകോണത്തില്‍ സി ബി ഐ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2009ല്‍ മധു കോഡ ജയ്ഭാരത് സാമന്ത പാര്‍ട്ടി രൂപവത്കരിക്കുകയായിരുന്നു.