Connect with us

International

സിറിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ 300ഓളം പൈതൃക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി പഠനം

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 300 സാംസ്‌കാരിക പൈതൃകങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ട്. 2011ല്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിലാണ് ഇത്തരമൊരു നശീകരണം നടന്നതെന്ന് ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ യു എന്‍ വ്യക്തമാക്കി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. 7000 വര്‍ഷങ്ങള്‍ പഴക്കമുള്ള അലപ്പോയിലെ പൈതൃകങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ബോംബ് സ്‌ഫോടനങ്ങളിലൂടെയും കൊള്ളയടിക്കലിലൂടെയും പൈതൃക സ്ഥലങ്ങള്‍ക്ക് വലിയ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ളതും പവിത്രവുമായ ഇത്തരം സ്മാരകങ്ങളും വസ്തുക്കളും വരുംതലമുറക്ക് എത്തിക്കുന്നതില്‍ വലിയ ഭീഷണിയാണ് ആഭ്യന്തര യുദ്ധം ഉണ്ടാക്കിയിരിക്കുന്നതെന്ന് യു എന്‍ പ്രസ്താവനയില്‍ പറഞ്ഞു. സാറ്റലൈറ്റ് ചിത്രങ്ങളുടെ വിലയിരുത്തലുകള്‍ നടന്ന 18 പ്രദേശങ്ങളില്‍ ആറെണ്ണം യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള പ്രദേശങ്ങളാണ്. പഴയ അലപ്പോ നഗരം, ബോസ്‌റ, ദമസ്‌കസ്, ഡെഡ് സിറ്റീസ്, ക്രാക്ഡസ്, പാല്‍മിറ എന്നിവയാണ് യുനെസ്‌കോ പട്ടികയിലുള്ള സ്ഥലങ്ങള്‍.290 സാറ്റലൈറ്റ് ചിത്രങ്ങളില്‍ 24 എണ്ണം നശിച്ചിട്ടുണ്ട്. 104 എണ്ണത്തിന് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 85 എണ്ണത്തിന് ഭാഗികമായും 77 എണ്ണത്തിന് ചെറിയ രീതിയിലും കേടുപാട് പറ്റിയിട്ടുണ്ട്.