എന്‍ ആര്‍ ഐ ഗ്ലോബല്‍ മീറ്റ് 15ന്

Posted on: December 23, 2014 8:59 am | Last updated: December 23, 2014 at 8:59 am

കോഴിക്കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എന്‍ ആര്‍ ഐ ഗ്ലോബല്‍ മീറ്റ് ജനുവരി 15ന് മലബാര്‍ പാലസില്‍ നടക്കും. വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശമലയാളികളുടെ പണം കേരളത്തിന്റെ വികസനത്തിന് എങ്ങനെ വിനിയോഗിക്കാം, തിരിച്ചുവരുന്ന പ്രവാസിമലയാളികളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്നീ അജന്‍ഡകളിലാണ് ഇത്തവണത്തെ മീറ്റ് നടക്കുന്നത്.
യു എ ഇയുടെ ശില്‍പിയും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ പേരില്‍ കൗണ്‍സില്‍ നല്‍കിവരുന്ന ശൈഖ് സായിദ് പുരസ്‌കാരം ഷിഫ അല്‍ ജസീറയുടെ മേധാവിയും പ്രവാസി മലയാളി വ്യവസായിയുമായ ഡോ. റബീഉല്ലക്ക് സമ്മാനിക്കും. മുഖ്യമന്ത്രി പുരസ്‌കാരസമര്‍പ്പണം നടത്തും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും. ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് 26ന് സംഘടിപ്പിക്കുന്ന പ്രചാരണ കണ്‍വന്‍ഷന്‍ ഒ ഡി പി സി ചെയര്‍മാന്‍ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജനറല്‍സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സി എച്ച് ഇബ്രാഹീം കുട്ടി, കെ ടി വാസുദേവന്‍, പി മൊയ്തീന്‍, പി വി യാകൂബ്, സി കെ അബൂബക്കര്‍, ഡോ. ദേവദാസ് ഗാന്ധിഗ്രാമം, പിടി നിസാര്‍ പങ്കെടുത്തു.