പാളയം സബ്‌വേ: നവീകരണം ആരംഭിച്ചു; ഉടന്‍ തുറന്നേക്കും

Posted on: December 23, 2014 8:59 am | Last updated: December 23, 2014 at 8:59 am

കോഴിക്കോട്: നഗരമാലിന്യങ്ങള്‍ വഹിക്കാന്‍ നിയോഗമുണ്ടായിരുന്ന പാളയം സബ് വേക്ക് ശാപമോക്ഷമാകുന്നു. പാളയം ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള കഷ്ടപാട് തിരിച്ചറിഞ്ഞുണ്ടാക്കിയ സബ് വേ ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാനുള്ള അന്തിമ ഘട്ടത്തിലാണ്.
സബ്‌വേയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തും കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കിയുമുള്ള ശുചീകരണ പ്രവൃത്തി നടക്കുകയാണ്. സബ്‌വേയില്‍ പകല്‍ സമയങ്ങളിലും കാര്യമായ വെളിച്ചം ഇല്ലാത്തത് പരിഹരിക്കാനായി വൈദ്യുതീകരണ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ലൈറ്റിന് പുറമെ ഫാനുകളും സ്ഥാപിക്കുന്നുണ്ട്. നേരത്തെ ഈ സംവിധാനങ്ങളെല്ലാം ഉണ്ടായിരുന്നുവെങ്കിലും സബ് വേ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ ഇതെല്ലാം നശിക്കുകയായിരുന്നു. സബ് വേ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ തുടങ്ങിയത്.