Connect with us

Articles

നിതാഖാത്ത്: സര്‍ക്കാര്‍ പ്രവാസികളോട് ചെയ്തവിധം

Published

|

Last Updated

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ വിയര്‍പ്പൊഴുക്കിയ ആയിരക്കണക്കിന് പ്രവാസികളോട് അവര്‍ നേരിട്ട ഒരു ആപത് ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത വിധം പ്രത്യേകം പരിശോധിക്കേണ്ടിയിരിക്കുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായി സഊദി അറേബ്യ നടപ്പിലാക്കിയ നിതാഖാത്ത് നിയമവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ലക്ഷക്കണക്കിന് മലയാളികള്‍ക്ക് സ്വന്തം ജീവിത സ്വപ്‌നങ്ങള്‍ പാടേ ഉപേക്ഷിച്ച് ഉടുതുണിയുമായി നാടണയേണ്ടി വന്നവരുടെ കൃത്യമായ കണക്ക് പോലും സംസ്ഥാന സര്‍ക്കാറിന് കീഴിലെ നോര്‍ക്ക റൂട്ടസ് വകുപ്പിന്റെ കൈവശം ലഭ്യമല്ല. എന്നാല്‍, പ്രവാസികളുടെ വിയര്‍പ്പിന്റെ പ്രതിഫലമായ റിയാലുകളും ദീനാറുകളും കുന്നുകൂടുന്ന ബേങ്ക് ഭണ്ഡാരങ്ങളുടെ കണക്കുകള്‍ കൃത്യമായി മാസം തോറും പുറത്തുവരുമ്പോഴാണിതെന്നത് ഏറെ ശ്രദ്ധേയമാണ്.
നോര്‍ക്ക റൂട്ട്‌സിലെ രജിസ്‌ട്രേഷന്‍ പ്രകാരം നിതാഖാത്ത് നിയമം മൂലം കേരളത്തില്‍ തിരിച്ചെത്തിയ മലയാളി പ്രവാസികളുടെ എണ്ണം 22,634 മാത്രമാണ്. പ്രവാസികളുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി പറയുമ്പോഴും, തിരിച്ചെത്തിയ ഒരു ലക്ഷത്തിലധികം വരുന്ന പ്രവാസികളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതികള്‍ക്കായി എത്തിയവരുടെ എണ്ണം 19,690 ഉം. ഇവരില്‍ 320 പേര്‍ക്ക് മാത്രമാണ് വായ്പ നല്‍കിയത്. അഥവാ 1.65 ശതമാനം പേര്‍ക്ക്.! ഈ കണക്ക് മാത്രം മതി സംസ്ഥാന ഖജനാവിനെ പുഷ്ടിപ്പെടുത്തുന്ന പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രതിബദ്ധത മനസ്സിലാക്കാന്‍.
മലയാളികള്‍ നിതാഖാത്തിന്റെ ദുരന്ത ഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചതിന് തൊട്ടുപിറകെ വന്ന വാര്‍ഷിക സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പുനരധിവാസത്തിനായി മാറ്റിവെച്ച തുക പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. 54,966.85 കോടി റവന്യൂവരുമാനം കണക്കാക്കിയ ബജറ്റില്‍ പ്രവാസികള്‍ക്ക് വേണ്ടി വകയിരുത്തിയത് ആകെ 10 കോടി രൂപ.
വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ വിസാ റാക്കറ്റിന്റെയും വ്യാജ റിക്രൂട്ട്‌മെന്റ്ഏജന്‍സികളുടേയും തട്ടിപ്പിനിരയാകുന്നത് തടയാനായി മാധ്യമങ്ങളിലൂടെ ബോധവത്കരണത്തിനായി 60 ലക്ഷം, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി യോഗ്യതയുള്ള പ്രവാസികളെ ട്രെയിനര്‍മാരായി നിയമിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് രണ്ട് കോടി, വിവിധ മേഖലകളില്‍ പ്രാവിണ്യം പുലര്‍ത്തുന്ന പ്രവാസികളുടെ ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നതിനായി 50 ലക്ഷം, അമേരിക്കന്‍- യൂറോപ്യന്‍ പ്രവാസികളായ മലയാളികളെ നിക്ഷേപക സംരംഭങ്ങളില്‍ പങ്കാളികളാക്കുന്നത് ലക്ഷ്യമിട്ടുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന് രണ്ട് ലക്ഷം തുടങ്ങി പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കപ്പുറം അനുബന്ധ പ്രവൃത്തികള്‍ക്കും പ്രബോധന പ്രചാരണ പരിപാടികള്‍ക്കുമായാണ് തുക വകയിരുത്തിയിരിക്കുന്നത്.
സഊദി അറേബ്യന്‍ സര്‍ക്കാര്‍ നിതാഖാത് നിയമം നടപ്പിലാക്കി നടപടികള്‍ അവസാനിപ്പിച്ചിട്ട് വര്‍ഷം ഒന്നു പിന്നിട്ടശേഷമാണ് ഈ കണക്കുകളെന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. എന്‍ ഡി പി ആര്‍ ഇ എം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 22,634 പേരുടെ അപേക്ഷകളുടെ സ്‌ക്രീനിംഗ് നടപടികള്‍ പുരോഗമിക്കുന്നേയുള്ളൂവെന്നാണ് വകുപ്പു മന്ത്രിയുടെ വിശദീകരണം.
വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുമെന്ന് വകുപ്പു മന്ത്രി പ്രഖ്യാപിച്ച സമഗ്രമായ പുനരധിവാസ പദ്ധതി പ്രസ്താവനയില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും സര്‍ക്കാര്‍ വഹിക്കുന്ന തരത്തില്‍ 20 ലക്ഷം വരെ കുറഞ്ഞ പലിശനിരക്കില്‍ സബ്‌സിഡിയോടെയുള്ള പദ്ധതികള്‍, ഒരു ജില്ലയില്‍ കുറഞ്ഞത് 50 സംരംഭകര്‍ക്ക് വായ്പ, ബേങ്കുകളുമായി സഹകരിച്ച് ജില്ലകളില്‍ അദാലത്തുകള്‍, പ്രവാസി പുനരധിവാസത്തിന് സംസ്ഥാനതല ബേങ്കിംഗ് സമിതിയുടെ സഹകരണം, പുനരധിവാസ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 50 കോടി രൂപ വിനിയോഗിച്ച് സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയും പ്രവാസികള്‍ക്ക് സബ്‌സിഡിയോടെ ബേങ്ക് വായ്പ ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സില്‍ ഒരു പ്രത്യേക സെല്‍, ജി സി സിയില്‍ ഉള്‍പ്പെടുന്ന ഏഴ് രാജ്യങ്ങളിലും നോര്‍ക്ക ഉപദേശക സമിതികള്‍, എല്ലാ ജില്ലകളിലും നോര്‍ക്ക് റൂട്ട്‌സ് ഹെല്‍പ്പ് ഡസ്‌കുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇവയെല്ലാം 100 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഏഴുമാസം പിന്നിട്ടിട്ടും ഇതിന്റെ പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.
സംസ്ഥാനത്തെ പൊതുമേഖലാ ബേങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ മാസംതോറും റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുന്ന അതേസമയത്താണ് പ്രവാസികളോടുള്ള സര്‍ക്കാറിന്റെ അവഗണന. പ്രവാസി നിക്ഷേപത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം 20.46 ശതമാനത്തിന്റെ റെക്കോര്‍ഡ് വേഗതയാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ 30വരെയുള്ള കണക്കുപ്രകാരം വാണിജ്യ ബേങ്കുകളിലെ ആകെ പ്രവാസി നിക്ഷേപം 97,465 കോടി രൂപയാണ്. ഇക്കാലയളവില്‍ 16,556 കോടിയുടെ വര്‍ധനയാണുണ്ടായത്.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തില്‍ മാത്രം 3582 കോടി രൂപയുടെ വര്‍ധനവുണ്ടായതായി സംസ്ഥാനതല ബേങ്കേഴ്‌സ് സമിതിയുടെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവാസി നിക്ഷേപത്തിന്റെ 40.06 ശതമാനവും സ്വകാര്യ ബേങ്കുകളിലാണ്. സ്റ്റേറ്റ് ബേങ്ക് ഗ്രൂപ്പുകളില്‍ 38,211 കോടിയുടെയും മറ്റു ദേശസാത്കൃത ബേങ്കുകളില്‍ 19,914 കോടിയുടെയും സ്വകാര്യ ബേങ്കുകളില്‍ 39,040 കോടിയുടെയും പ്രവാസി നിക്ഷേപമാണുള്ളത്. ആകെ പ്രവാസി നിക്ഷേപത്തിന്റെ 64.34 ശതമാനവും അര്‍ധനഗര പ്രദേശങ്ങളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം