മുംബൈ ഭീകരാക്രമണം തടയാമായിരുന്നു

Posted on: December 23, 2014 5:43 am | Last updated: December 22, 2014 at 11:44 pm

mumbai attackന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുതര രഹസ്യാന്വേഷണ പരാജയമുണ്ടായതായി റിപ്പോര്‍ട്ട്. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അത്യാധുനിക ചോര്‍ത്തലിലൂടെ തങ്ങള്‍ക്ക് ലഭിച്ച സൂചനകള്‍ പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഭീകരാക്രമണം തടയാമായിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
വീഴ്ചകളോടൊപ്പം തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ കമ്പ്യൂട്ടര്‍ നിരീക്ഷണത്തിന്റെയും വിവര ശേഖരത്തിന്റെയും ശക്തമായ ഇടത്തെയും മുംബൈ ഭീകരാക്രമണം വെളിപ്പെടുത്തുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അത്യാധുനിക ചാരസംവിധാനത്തിലുടെയും മറ്റ് വഴിയിലൂടെയും തങ്ങള്‍ക്ക് ലഭിച്ച അതിപ്രധാന വിവരങ്ങള്‍ മൂന്ന് രാഷ്ട്രങ്ങളും പങ്ക് വഹിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനും ലഷ്‌കറെ ത്വയ്യിബയുടെ സാങ്കേതിക വിഭാഗം മേധാവിയുമായ സറാര്‍ ഷായുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍, ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവ പരസ്പരം പങ്ക് വെച്ചില്ല. മുംബൈയെ കൃത്യമായി നിരീക്ഷിക്കാനും പഠിക്കാനും സറാര്‍ ഷാ പാക്കിസ്ഥാനിലെ പര്‍വതനിരകളില്‍ നിന്ന് മുംബൈയിലെ തീരപ്രദേശത്തേക്ക് 2008 ആദ്യത്തില്‍ താമസം മാറ്റിയിരുന്നു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ഷായുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയും ബ്രിട്ടനും നിരീക്ഷിക്കുന്നത് അറിയാതെ, അമേരിക്കയും ഷായുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആക്രമണത്തിന് മുമ്പ് ഇന്ത്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ വ്യവസായി എന്ന വ്യാജേന ഷാ അമേരിക്കയില്‍ കമ്പനിയില്‍ നിന്ന് വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ഫോണ്‍ വാങ്ങിയിരുന്നു. മുംബൈ ഭീക്രരാക്രമണം നടത്തിയ ഭീകരവാദികളുമായി ലഷ്‌കറെ നേതാക്കള്‍ സംസാരിച്ചത് ഈ ഫോണ്‍ വഴിയായിരുന്നു. തന്റെ കേന്ദ്രം മറച്ചുവെക്കാന്‍ ഈ ഫോണ്‍ ഉപയോഗിച്ചാണ് ഷാ നിര്‍ദേശങ്ങള്‍ നല്‍കിയത്. ആക്രമണ പദ്ധതി തയ്യാറാക്കിയ ശേഷം ഒരാഴ്ചയോളം തന്റെ ലാപ്‌ടോപില്‍, യൂറോപ്പിലെ ആശയവിനിമയ സുരക്ഷയെയും ഇന്ത്യന്‍ അമേരിക്കന്‍ നാവിക പരിശീലനത്തെയും സംബന്ധിച്ച് ഗൂഗിളില്‍ തിരയുകയായിരുന്നു. ബ്രൗസിംഗ് ഹിസ്റ്ററി മറച്ചുപിടിക്കുന്നതിന് വെബ്‌സൈറ്റ് ഡിസൈനിംഗിലും ഏര്‍പ്പെട്ടു.