Connect with us

National

ഇസില്‍ ബന്ധം: ആരിബ് മജീദിനെതിരെ തെളിവിന് എന്‍ ഐ എ പാടുപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇസിലില്‍ പ്രവര്‍ത്തിച്ച് തിരിച്ചുവന്നെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത ആരിബ് മജീദിനെതിരെ തെളിവ് ശേഖരിക്കാന്‍ എന്‍ ഐ എ പാടുപെടുന്നു. അംഗീകൃത സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത മേഖലകളിലാണ് ആരിബ് കുറ്റങ്ങള്‍ ചെയ്തത് എന്നതിനാലാണിത്.
ഇറാഖിലേക്ക് പോയതിന്റെ യാത്രാ രേഖ, ഇന്റര്‍നെറ്റ് പ്രവര്‍ത്തനം, വെടിയുണ്ടയേറ്റ മുറിവ്, കുടുംബത്തിന്റെ സാക്ഷ്യം തുടങ്ങിയ സാഹചര്യ തെളിവുകള്‍ മാത്രമാണ് എന്‍ ഐ എയുടെ പക്കലുള്ളത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല വിചാരണ തുടങ്ങിയാല്‍ ആരിബിന്റെയും കുടുംബത്തിന്റെയും മൊഴികള്‍ മാറാനും ഇടയുണ്ട്. ഒരു കേസിലും പോലീസിന് നല്‍കിയ മൊഴികള്‍ കോടതിയില്‍ തെളിവല്ല. ഭീകരവാദികള്‍ തനിക്ക് പരിശീലനവും പ്രത്യയശാസ്ത്ര ഉപദേശവും നല്‍കിയെന്ന് കല്യാണ്‍ സ്വദേശിയായ ആരിബ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലെ മൂസ്വില്‍ അണക്കെട്ട് ആക്രമണത്തിലും സിറിയയില്‍ പരാജയപ്പെട്ട ഒരു ചാവേര്‍ ആക്രമണത്തിലും പങ്കെടുത്തതായും മൊഴിയുണ്ട്.
പക്ഷെ ഇവ ഉറപ്പിക്കുന്ന തെളിവ് എവിടെ നിന്ന് ലഭിക്കുമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ഇസിലുമായി പരസ്പര നിയമ സഹായ കരാറില്ല. ഇസില്‍ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കത്ത് അയക്കണമെന്ന അഭിപ്രായം പോലും എന്‍ ഐ എ ഉദ്യോഗസ്ഥര്‍മാര്‍ക്കുണ്ട്. ആരിബിനെ നുണപരിശോധനക്ക് വിധേയനാക്കിയിട്ടുണ്ടെങ്കിലും കോടതിയില്‍ ഇത് തെളിവല്ല. അതേസമയം, കുറ്റസമ്മത മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയാല്‍ തെളിവാകും. ഇന്റര്‍നെറ്റിലൂടെയോ അല്ലാതെയോ ഇസിലിന്റെ ഏതെങ്കിലുമൊരു തീവ്രവാദ പ്രവൃത്തി കണ്ടുപിടിച്ചാലും തെളിവായി ഉപയോഗിക്കാം. തുടര്‍ന്ന് ആരിബിനും ഇറാഖിലേക്ക് പോയ മൂന്ന് പേര്‍ക്കുമെതിരെ വിചാരണാ നടപടി സ്വീകരിക്കാനാകും.
പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായ പ്രകാരം ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റ്, ബെംഗളൂരു ഇസ്‌റാഈല്‍ എംബസി ആക്രമണങ്ങളുടെ ഗൂഢാലോചനാ കേസില്‍ ശ്രീലങ്കന്‍ പൗരന്‍ സക്കീര്‍ ഹുസൈന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത് ഇത്തരത്തിലുള്ള നടപടികളിലൂടെയായിരുന്നു.