Connect with us

National

സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ജനതാ പാര്‍ട്ടികളുടെ സംഗമം

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെയും സാമുദായിക ഭിന്നിപ്പ് വളര്‍ത്തുന്ന നടപടികളെയും അപലപിച്ച് തലസ്ഥാന നഗരിയില്‍ ജനതാ പരിവാര്‍ നേതാക്കളുടെ സംഗമം. സമാജ്‌വാദി പാര്‍ട്ടി, ആര്‍ ജെ ഡി, ഐ എന്‍ എല്‍ ഡി, ജനതാ ദള്‍ യുനൈറ്റഡ് (ജെ ഡി-യു), ജനതാ ദള്‍ സെക്കുലര്‍ (ജെ ഡി എസ്) തുടങ്ങിയ പാര്‍ട്ടിയുടെ നേതാക്കളാണ് സര്‍ക്കാറിനെതിരെ ശക്തമായി തുറന്നടിച്ചത്. ജന്തര്‍ മന്തര്‍ മൈതാനിയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ എന്‍ ഡി എ സര്‍ക്കാര്‍ എന്ത് കൊണ്ട് പരാജയപ്പെട്ടു? വിദേശത്ത് നിന്ന് തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ ജെ ഡി യു നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ചോദിച്ചു. മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള മത പരിവര്‍ത്തന ശ്രമങ്ങള്‍ നടത്തുന്ന തീവ്ര വലതു പക്ഷ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെയും ശക്തമായി അപലപിച്ചിട്ടുണ്ട്. മതങ്ങളുടെ പേരില്‍ ഒരിക്കലും രാജ്യം ധ്രുവീകരിക്കപ്പെടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സര്‍ക്കാറിന്റെ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി ബി ജെ പി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു.