Connect with us

Kozhikode

പ്രത്യേക ട്രെയിനില്ല; അവധിക്കാലത്തും ദുരിതയാത്ര

Published

|

Last Updated

കോഴിക്കോട്;ഈ അവധിക്കാലത്തും മലയാളിക്ക് ദുരിതയാത്ര തന്നെ. ക്രിസ്മസ് അവധി പരിഗണിച്ച് പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് പരിമിതപ്പെടുത്തിയത് മലബാറിലേക്കുള്ള യാത്രക്കാര്‍ക്കാണ് ദുരിതമായത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്‌കൂളുകളും കോളജുകളും അടച്ചതോടെ യാത്രക്കാരുടെ എണ്ണം ഏറെ വര്‍ധിച്ചെങ്കിലും ഇതനുസരിച്ച് ട്രെയിനുകള്‍ ഇല്ലാത്തതാണ് പ്രയാസമായത്. അവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴും ദുരിതയാത്ര തന്നെയാകും ശരണം.

അവധിക്കാലത്ത് തിരക്ക് പരിഗണിച്ച് മലബാര്‍ വഴി നിരവധി പ്രത്യേക ട്രെയിനുകള്‍ നേരത്തെ അനുവദിച്ചിരുന്നു. ഇത്തവണ ഇതിന് വിപരീതമാണ് കാര്യങ്ങള്‍. സീറ്റ് റിസര്‍വേഷന് ജനുവരി ആദ്യവാരം വരെ ടിക്കറ്റില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം – ലോക്മാന്യതിലക്, എറണാകുളം – പൂനെ, തിരുനെല്‍വേലി – ലോക്മാന്യതിലക് റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകളും പ്രീമിയം ട്രെയിനുകളും സര്‍വീസ് നടത്താനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ഷന്‍ – പൂനെ പ്രത്യേക ട്രെയിന്‍ ഈ മാസം 27, ജനുവരി മൂന്ന്, 10 തീയതികളില്‍ രാവിലെ 5.15ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.10ന് പൂനെയില്‍ എത്തും. ലോക്മാന്യതിലക് – തിരുനെല്‍വേലി പ്രത്യേക പ്രീമിയം ട്രെയിന്‍ ഈ മാസം 25, ജനുവരി ഒന്ന്, എട്ട് തീയതികളില്‍ ഉച്ചക്ക് 1.30ന് ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10ന് തിരുനെല്‍വേലിയില്‍ എത്തും.
എറണാകുളം ജംഗ്ഷന്‍ – ലോക്മാന്യതിലക് പ്രത്യേക ട്രെയിന്‍ ഈ മാസം 30, ജനുവരി ആറ് തീയതികളില്‍ എറണാകുളത്ത് നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് ബുധനാഴ്ച വൈകുന്നേരം 7.30ന് ലോക്മാന്യതിലകില്‍ എത്തും. തിരുനെല്‍വേലി-ലോക്മാന്യതിലക് പ്രത്യേക ട്രെയിന്‍ ഈ മാസം 27, ജനുവരി മൂന്ന്, 10 തീയതികളില്‍ രാവിലെ 7.55 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം 4.20ന് ലോക്മാന്യതിലകില്‍ എത്തിച്ചേരും.
ലോക്മാന്യതിലക്-എറണാകുളം ജംഗ്ഷന്‍ പ്രത്യേക പ്രീമിയം ട്രെയിന്‍ ഈ മാസം 29, ജനുവരി അഞ്ച് തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 12.50ന് ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകല്‍ രണ്ടിന് എറണാകുളത്ത് എത്തും. പൂനെ-എറണാകുളം ജംഗ്ഷന്‍ പ്രത്യേക പ്രീമിയം ട്രെയിന്‍ ഈ മാസം 25, ജനുവരി ഒന്ന്, 10 തീയതികളില്‍ പൂനെയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം എറണാകുളത്ത് എത്തിച്ചേരും. എന്നാല്‍, ക്രിസ്മസ്, പുതുവര്‍ഷ തിരക്ക് ഒഴിവാക്കാന്‍ അനുവദിച്ച ഈ പ്രത്യേക ട്രെയിനുകളില്‍ റിസര്‍വേഷനുകളെല്ലാം അവസാനിച്ചതായാണ് ദക്ഷിണ റെയില്‍വേ നല്‍കുന്ന വിവരം.

---- facebook comment plugin here -----

Latest