Connect with us

National

പ്രതിപക്ഷം ഒറ്റക്കെട്ടായി; പാര്‍ലിമെന്റ് സ്തംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലിമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ ആക്രമണം. കള്ളപ്പണം തിരികെ കൊണ്ടുവരല്‍, തൊഴില്‍ നിര്‍മാണം എന്നീ വിഷയങ്ങളും പ്രതിപക്ഷം ആയുധമാക്കി. ഇരു സഭകളും ബഹളമയമായതിനെ തുടര്‍ന്ന് പാര്‍ലിമെന്റ് സ്തംഭിച്ചു. രാജ്യസഭ നിരവധി നിര്‍ത്തിവെക്കലുകള്‍ക്ക് സാക്ഷിയായി.
നിര്‍ബന്ധിത മതം മാറ്റലുകള്‍ അനുവദിക്കുകയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ കള്ളപ്പണം തിരികെ കൊണ്ടുവരല്‍, തൊഴിലവസരം സൃഷ്ടിക്കല്‍ തുടങ്ങിയവയില്‍ തന്ത്രപരമായ നിശബ്ദത പാലിക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷം കൂട്ടാക്കിയില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാറെന്ന പ്ലക്കാര്‍ഡുമായി മുദ്രാവാക്യം വിളിച്ച് സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ ഡി യു അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് ശൂന്യവേളയില്‍ ഒരു പ്രാവശ്യവും ചോദ്യോത്തര വേളയില്‍ രണ്ട് പ്രാവശ്യവും ലോക്‌സഭ നിര്‍ത്തിവെച്ചു. ഈ പാര്‍ട്ടികളുടെ അംഗങ്ങള്‍ ലോക്‌സഭയില്‍ ഇറങ്ങിപ്പോക്കും നടത്തി.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ “ഘര്‍ വാപസി”യിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ജെ ഡി യു നേതാവ് ശരദ് യാദവ് രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് അഞ്ച് കോടി തൊഴില്‍രഹിതര്‍ ഉണ്ടെന്നും സര്‍ക്കാര്‍ തൊഴിലവസരം സൃഷ്ടിക്കുന്നില്ലെന്നും എസ് പിയുടെ രാംഗോപാല്‍ യാദവ് പറഞ്ഞു. സി പി എമ്മിന്റെ സീതാറാം യെച്ചൂരിയും തൃണമൂലിന്റെ ദെറിക് ഒബ്രിയാനും ഇതിനെ അനുകൂലിച്ചു. പരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ വന്ന് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാന് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. സഭയില്‍ മറുപടി പറയാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ലെന്ന് ഒബ്രിയാന്‍ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് റാലിയല്ലെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പരിഹസിച്ചു. ഈ സമയം മോദി സഭയിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest