വര്‍ണങ്ങളില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ ഒപ്പിയെടുത്ത് ഗ്രൂപ്പ് ഷോ

Posted on: December 22, 2014 8:57 am | Last updated: December 22, 2014 at 8:57 am

കോഴിക്കോട്: വര്‍ണങ്ങളില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ ഒപ്പിയെടുത്ത് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഗ്രൂപ്പ് ഷോ ആരംഭിച്ചു. വൈക്കം സ്വദേശിയായ ജയിനും മൂവാറ്റുപുഴ സ്വദേശിയായ ബിജി പി ഭാസ്‌കറും അടൂര്‍ സ്വദേശിയായ അനിരുദ്ധ് രാമനും ചേര്‍ന്നാണ് അക്കാദമിക്ക് കീഴില്‍ ചിത്രപ്രദര്‍ശനം നടത്തുന്നത്. വ്യത്യസ്തമായ ശൈലികളാണ് ഇവര്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. മാനുഷിക പ്രശ്‌നങ്ങള്‍ മിക്കതും മനുഷ്യന്‍ അനുഭവിക്കുന്ന ദുരന്തങ്ങളാണെന്ന ഓര്‍മപ്പെടുത്തലാണ് ബിജി ഭാസ്‌ക്കറിന്റെ ചിത്രങ്ങള്‍.
ഡല്‍ഹിയിലെ പീഡനവും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പകര്‍ത്തുന്നതോടൊപ്പം മൃഗങ്ങള്‍ക്കടക്കം സംഭവിക്കുന്ന വംശനാശം, സമൂഹത്തില്‍ വിഖ്യാതി പ്രചരിക്കുന്ന അവസ്ഥ, വനനശീകരണം, മണ്ണെടുപ്പ് തുടങ്ങി മറ്റ് വിഷയങ്ങളും പ്രമേയമാകുന്നുണ്ട്. പല ചിത്രങ്ങളിലും പ്രകൃതിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതയാണ് പ്രമേയമാക്കിയിരിക്കുന്നത്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും ചിത്രങ്ങളില്‍ പ്രമേയമാക്കിയിട്ടുണ്ട്.
ഫെമിനിസത്തിന്റെ ചിന്തയും ചരിത്രവുമെല്ലാമാണ് ജയിന്‍ തന്റെ ക്യാന്‍വാസില്‍ ഒപ്പിയെടുത്തിരിക്കുന്നത്. വരുംവഴികള്‍, വംശഹത്യ തുടങ്ങിയവക്കൊപ്പം രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയാണ് അനിരുദ്ധ് രാമന്റെ ചിത്രങ്ങള്‍. പീഡനങ്ങള്‍ക്കതിരായുള്ള പ്രതിഷേധവും ഇവിടെ വിഷയമാകുന്നു. കൂടതലായും ഓയിലില്‍ തീര്‍ത്ത ചിത്രങ്ങളാണുള്ളത്. ഒറ്റപ്പെടലിന്റെ വേദനയും പ്ലാസ്റ്റിക്കിന്റെ അതിപ്രസരവുമെല്ലാം ചിത്രകാരന്‍മാര്‍ മനോഹരമായി ക്യാന്‍വാസില്‍ ഒപ്പിയെടുത്തിട്ടുണ്ട്. പ്രദര്‍ശനം 26ന് സമാപിക്കും.