രഞ്ജി ട്രോഫി: ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച

Posted on: December 22, 2014 12:36 am | Last updated: December 22, 2014 at 12:36 am

cricketകല്‍പ്പറ്റ: വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ആരംഭിച്ച രണ്ടാം രഞ്ജി മത്സരത്തില്‍ ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ഹൈദരാബാദിനെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഏഴിന് 225 എന്ന നിലയിലാണ് ഹൈദരാബാദ്. നിലയുറപ്പിക്കും മുമ്പ് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്ത് സന്ദീപ് വാര്യരാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. 23 പന്തുകളില്‍ എട്ട് റണ്ണെടുത്ത അക്ഷത് റെഡ്ഡിയെ വിക്കറ്റ് കീപ്പര്‍ നിഖിലേഷ് സുരേന്ദ്രന്റെ കൈകളിലെത്തിക്കുകയായിരുന്നു.
താളം കണ്ടെത്താന്‍ കഴിയാതിരുന്ന തന്മയ് അഗര്‍വാളിനെ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ച് അന്‍താഫ് കേരളത്തിന് വീണ്ടും മൂന്‍തൂക്കം നല്‍കി. മൂന്നാമനായെത്തിയ ജി എച്ച് വിഹാരി ഒരു ഭാഗത്ത് പിടിച്ചു നിന്നെങ്കിലും മറുതലക്കല്‍ വിക്കറ്റുകള്‍ മുറപോലെ വീണു.
നാലാമനായെത്തിയ പ്രഗ്യാന്‍ ഓജയെ അന്‍താഫ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഒരു റണ്ണായിരുന്നു ഓജയുടെ സമ്പാദ്യം. പിന്നീടെത്തിയ ഡി ബി രവിതേജ വിഹാരിക്ക് പിന്തുണ നല്‍കിയതോടെ സ്‌കോര്‍ പതിയെ ഉയര്‍ന്നു. 71 പന്തുകള്‍ നേരിട്ട് 24 റണ്ണെടുത്ത രവിതേജയെ റൈഫി വിന്‍സന്റ് ഗോമസ് മോനിഷിന്റെ കൈകളിലെത്തിച്ചതോടെ ആ കൂട്ടുകെട്ടും തകര്‍ന്നു. 57 റണ്ണിന്റെ കൂട്ടുകെട്ടായിരുന്നു ഇരുവരും തമ്മില്‍ നേടിയത്. തുടര്‍ന്നെത്തിയ ബി അനിരുദ്ധും വിഹാരിയോടൊപ്പം സ്‌കോര്‍ ഉയര്‍ത്തി. 20 റണ്ണെടുത്ത അനിരുദ്ധിനെ മോനിഷിന്റെ പന്തില്‍ റൈഫി പിടികൂടിയതോടെ ഹൈദരാബാദ് പരുങ്ങലിലായി. 5ന് 141 റണ്ണായിരുന്നു ഈ സമയത്ത് ടീം സ്‌കോര്‍. തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി പിഴുത് കേരളം വീണ്ടും ഹൈദരാബാദിന് ഭീഷണിയുയര്‍ത്തി. ഒരു റണ്ണെടുത്ത അഹ്മദ് ഖാദിരിയെ മോനിഷ് വിക്കറ്റിനുമുന്നില്‍ കുടുക്കി. ഹൈദരാബാദ് ഇന്നിംഗിന്റെ നെടുംതൂണായ വിഹാരിയെ നിഖിലേഷിന്റെ കൈകളിലെത്തിച്ച് അന്‍താഫ് വീണ്ടും കേരളത്തിന് മുന്‍തൂക്കമുണ്ടാക്കിയതോടെ ഹൈദരാബാദ് 200 കടക്കില്ലെന്നുവരെ തോന്നിപ്പിച്ചു. 76 റണ്ണെടുത്ത വിഹാരി പുറത്താകുമ്പോള്‍ 7ന് 154 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ എട്ടാമനായെത്തിയ ഇബ്‌റാഹിം ഖലീലും ആശിഷ് റെഡ്ഡിയും ഹൈദരാബാദിന്റെ സ്‌കോര്‍ പതുക്കെ ഉയര്‍ത്തി തകര്‍ച്ചയില്‍ നിന്നും അവരെ കരകയറ്റി. 35 റണ്ണുമായി ഇബ്‌റാഹിം ഖലീലും 34 റണ്ണുമായി ആശിഷ് റെഡ്ഡിയുമാണ് ക്രീസില്‍.