തിരഞ്ഞെടുപ്പുകളില്‍ അഴിമതി പണം ഉപയോഗിക്കുന്നു: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Posted on: December 22, 2014 12:02 am | Last updated: December 22, 2014 at 12:21 am

voteകൊല്‍ക്കത്ത: രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ അഴിമതി പണം ഉപയോഗിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ മേധാവി എസ് വൈ ഖുറൈശി. വിവിധ കുംഭകോണങ്ങളിലൂടെ ലഭിച്ച അഴിമതി പണം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന കുംഭകോണത്തിലെ പണവും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപയോഗിച്ചതായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം രചിച്ച ‘അണ്‍ഡോക്യുമെന്റഡ് വന്‍ഡര്‍: ദി മേകിംഗ് ഓഫ് ദി ഗ്രേറ്റ് ഇന്ത്യന്‍ ഇലക്ഷന്‍’ പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു ഖുറൈശി.
തിരഞ്ഞെടുപ്പിലൊഴുക്കുന്ന പണം തിട്ടപ്പെടുത്തുന്നതിനുള്ള പ്രതിസന്ധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പ്രധാന പ്രശ്‌നമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോടികള്‍ ഉപയോഗിക്കുന്നതാണ് രാജ്യത്ത് അഴിമതികള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.