രാജസ്ഥാനില്‍ എം എല്‍ എ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

Posted on: December 22, 2014 12:01 am | Last updated: December 22, 2014 at 12:17 am

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ രണ്ട് ബി ജെ പി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ബുന്‍ഡി ജില്ലയില്‍ കര്‍ഫ്യൂ പിന്‍വലിക്കാത്തതില്‍ പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഓഡിയോ ടേപ്പും പുറത്തുവന്നിട്ടുണ്ട്.
ലഡാപൂര്‍ എം എല്‍ എ ഭവാനി സിംഗ് രജാവത് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബി ജെ പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അനധികൃതമായി താമസിക്കുന്ന ഇടത്ത് നിന്ന് പുറത്താക്കുമെന്നും രജാവത് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി വൈ എസ് പിയെ രജാവത് അസഭ്യം പറയുന്നതും ശാസിക്കുന്നതും മറ്റൊരു ദൃശ്യത്തിലുണ്ട്.
ബുന്‍ഡി ജില്ലയിലെ നൈന്‍വ സബ് ഡിവിഷനിലെ മുനിസിപ്പാലിറ്റി ചെയര്‍മാനായ പ്രമോദ് ജെയ്ന്‍ ആണ് കര്‍ഫ്യൂ പിന്‍വലിക്കാത്തതിനെ പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്നത്. സെപ്തംബറില്‍ നൈന്‍വയില്‍ നടന്ന സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ഇവ സംബന്ധിച്ച് പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍, താന്‍ വീഡിയോയും ഓഡിയോയും കണ്ടിട്ടില്ലെന്നും പാര്‍ട്ടി പരിപാടികളുമായി തിരക്കിലായിരുന്നെന്നും കോട്ട ജില്ലാ ബി ജെ പി പ്രസിഡന്റ് ഹേമന്ദ് വിജയവര്‍ഗേയ പറഞ്ഞു. ക്ലിപ്പിംഗ് കണ്ടിട്ടില്ലെന്നും പരാതിയില്ലാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും ജില്ലാ പോലീസ് സൂപ്രണ്ട് തേജ്ര സിംഗ് പറഞ്ഞു. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഹരിമോഹന്‍ ശര്‍മ ഇരു നേതാക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.