Connect with us

Kerala

തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള മികച്ച സേവനത്തിന് സ്ഥിരം സംവിധാനം വരുന്നു

Published

|

Last Updated

കൊല്ലം: പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ഗാന്ധിയന്‍ സങ്കല്‍പത്തില്‍ അധിഷ്ഠിതമായി നൂതന സംവിധാനം നിലവില്‍ വരുന്നു. ഗ്രാമ സേവനം എന്ന ഗാന്ധിജിയുടെ ആശയം യാഥാര്‍ഥ്യമാക്കാന്‍ വാര്‍ധയില്‍ സ്ഥാപിച്ച ഗ്രാമ വികസന -പഠന- പരിശീലന- സേവന കേന്ദ്രമായ സേവാഗ്രാം ആണ് കേരളത്തിലും യാഥാര്‍ഥ്യമാക്കുന്നത്. വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ച് സേവാഗ്രാം എന്ന പേരിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
ഗ്രാമസഭയുടെ തീരുമാനങ്ങള്‍ നടപ്പിലാവണമെങ്കില്‍ ജനങ്ങള്‍ക്ക് നിരന്തരമായി ഒത്തുകൂടി ചര്‍ച്ച ചെയ്യാനുള്ള ഒരു സ്ഥിരം വേദി ഗ്രാമ തലത്തില്‍ അനിവാര്യമാണെന്ന ചിന്തയാണ് സേവാഗ്രാമങ്ങള്‍ എന്ന ആശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. ഗ്രാമസഭാ തീരുമാനങ്ങളുടെ തുടര്‍ പ്രവര്‍ത്തനത്തോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ തടസമില്ലാതെ ജനങ്ങളിലെത്തിക്കാനും ഇതുവഴി സാധിക്കും. വാര്‍ഡിനെക്കുറിച്ചുള്ള വിവിധ സ്ഥിതിവിവരങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനങ്ങളും ഗ്രാമത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക- പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചും സേവാഗ്രാമങ്ങളിലൂടെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന കേന്ദ്രമായി പ്രവര്‍ത്തിക്കുക, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കേന്ദ്രമാക്കുക എന്നതും സേവാഗ്രാമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.
സാമൂഹിക അനാചാരങ്ങളായ സ്ത്രീധനം, ആര്‍ഭാട വിവാഹം എന്നിവക്കെതിരെ ബോധവത്കരണം നടത്തുക, ശൈശവ വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകള്‍ കണ്ടെത്തി ഇല്ലായ്മ ചെയ്യുക, ജീവിത നിപുണതാ വിദ്യാഭ്യാസം, കൗമാര വിദ്യാഭ്യാസം എന്നിവ നല്‍കുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക, കൗണ്‍സിലിംഗ് നല്‍കുക എന്നിവയും സേവാഗ്രാമങ്ങളുടെ ലക്ഷ്യങ്ങളാണ്. അതാത് പഞ്ചായത്തുകളുടെ വാര്‍ഡ് തല ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി മാറ്റിയെടുക്കാനാണ് സേവാഗ്രാമങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ പൊതുവായി ലക്ഷ്യമിടുന്നതെന്ന് തൃശൂര്‍ കില ഫാക്കല്‍റ്റി മെമ്പര്‍ ഡോ. നെല്‍സണ്‍ സിറാജിനോട് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലായിരിക്കും സേവാഗ്രാമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നില്‍ സ്ഥാപിക്കുന്ന ബോര്‍ഡില്‍ ഗാന്ധിജിയുടെ ഫോട്ടോ പതിച്ചിരിക്കും. പൊതു നോട്ടീസ് ബോര്‍ഡ്, ഗ്രാമ സഭാ വാര്‍ത്താ ബോര്‍ഡ് എന്നിവ ഈ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവുകളും അറിയിപ്പുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. സര്‍ക്കാര്‍ വിജ്ഞാപനങ്ങളും വാര്‍ഡ് തല ഗുണഭോക്തൃ പട്ടികയും പഞ്ചായത്ത് തീരുമാനങ്ങളും ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും. പൗരാവകാശ രേഖ, വാര്‍ഡിന്റെ സ്ഥിതി വിവരങ്ങള്‍, വാര്‍ഡിനെ സംബന്ധിക്കുന്ന വിവിധ ഭൂപടങ്ങള്‍, വാര്‍ഡ് തല ജനകീയ സമിതികളുടെ തീരുമാനങ്ങള്‍ എന്നിവയും സേവാഗ്രാമിലൂടെ ലഭ്യമാകും. വസ്തുവകകളുടെ സൂക്ഷിപ്പ് സാധ്യമാക്കുക എന്നതാണ് സേവാഗ്രാമങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അതാത് സ്ഥലങ്ങളിലെ പഞ്ചായത്ത് അംഗത്തിനോ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ക്കോ ആയിരിക്കും സേവാഗ്രാമിന്റെ മുഖ്യചുമതല. ഇവരെ സഹായിക്കാന്‍ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ആഴ്ചയില്‍ അഞ്ച് ദിവസം സേവാഗ്രാമങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് മണിമുതല്‍ ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം. പ്രതിഫലേച്ഛയില്ലാതെ സന്നദ്ധ സേവനമായാണ് സേവാഗ്രാമങ്ങള്‍ നടത്തിക്കൊണ്ടുപോകേണ്ടത്.
ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശുചിത്വപാലനം, പാര്‍പ്പിടം, ഗ്രാമീണ വ്യവസായങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കി ഗാന്ധിയന്‍ ആശയങ്ങളിലധിഷ്ഠിതമായി ഗ്രാമങ്ങളെ രൂപാന്തരപ്പെടുത്തുക എന്നതായിരുന്നു സേവാഗ്രാമങ്ങളുടെ ലക്ഷ്യം. ഇതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന ഈ സംവിധാനത്തിലൂടെ അധികാര വികേന്ദ്രീകരണ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തന മാര്‍ഗ രേഖയിലാണ് എല്ലാ വാര്‍ഡുകളിലും ഗ്രാമ സേവാകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

Latest